ഋഷി കപൂര്‍ ഇനി ഓര്‍മ്മ

വിടവാങ്ങിയത് ബോളിവുഡിന്റെ റൊമാന്റിക് വിസ്മയം

മുബൈ: ബോളിവുഡിന്റെ റൊമാന്റിക് വിസ്മയം ഋഷി കപൂര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. നടനും നിര്‍മ്മാതാവും സംവിധായകനുമായി അര നൂറ്റാണ്ടു കാലം ബോളിവുഡില്‍ നിറഞ്ഞു നിന്ന ഋഷി കപൂറിന്റെ വിയോഗം സിനിമാ പ്രവര്‍ത്തകരിലും ചലച്ചിത്ര പ്രേമികളിലും ആഴത്തിലുള്ള വേദനയാണ് സമ്മാനിച്ചത്.
അസുഖ ബാധിതനായി മുംബൈയിലെ എച്ച്.എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഋഷി കപൂറിന്റെ അന്ത്യം ഇന്നലെ കാലത്തായിരുന്നു. കപൂര്‍ കുടുംബം എന്ന ബോളിവുഡിന് മാറ്റി നിര്‍ത്താന്‍ കഴിയാത്ത വലിയൊരു പാരമ്പര്യത്തിലെ കണ്ണി കൂടിയായിരുന്നു ഋഷി കപൂര്‍. ഇന്ത്യന്‍ ചലച്ചിത്ര ലോകം കണ്ട എക്കാലത്തേയും മികച്ച ജനപ്രിയ നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനായാണ് ഋഷി കപൂര്‍ ജനിച്ചത്. പിതാവ് സംവിധാനം ചെയ്ത ശ്രീ 420 എന്ന ചിത്രത്തിലെ ഗാനരംഗത്തിന് മുഖം കാണിച്ചാണ് ഋഷി കപൂര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. രാജ് കപൂര്‍ തന്നെ സംവിധാനം ചെയ്ത മേരാ നാം ജോക്കര്‍ എന്ന ചിത്രത്തില്‍ നായക കഥാപാത്രമായ പിതാവിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു രണ്ടാം വരവില്‍ ബോളിവുഡ് ചലച്ചിത്ര പ്രേമികളുടെ മനസ്സില്‍ ഋഷി കപൂര്‍ ഇടം പിടിച്ചു. 1970ലെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ഈ ചിത്രത്തിലെ അഭിനയത്തിന് ഋഷി കപൂറിനെ തേടിയെത്തി. 1973ല്‍ പുറത്തിറങ്ങിയ രാജ്കപൂര്‍ ചിത്രമായ ബോബിയില്‍ നായക വേഷമണിഞ്ഞു. ഡിംപിള്‍ കപാഡിയ നായികയായ ഈ ചിത്രത്തിലെ റൊമാന്റിക് രംഗങ്ങളും ഗാനരംഗങ്ങളും ഋഷി കപൂറിന് സ്ഥിരപ്രതിഷ്ഠ നല്‍കി. റഫൂ ചക്കര്‍, കര്‍സ്, ഹം കിസീ സെ കം നഹി, അമര്‍ അക്ബര്‍ ആന്റണി, ലൈല മജ്‌നു, പ്രേം രോഗ്, ഹണിമൂണ്‍, ചാന്ദ്‌നി, സര്‍ഗം, ബോല്‍ രാധാ ബോല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ റൊമാന്‍സിന്റെ രസക്കൂട്ടുകള്‍ തന്റേതായ ശൈലിയില്‍ തുന്നിച്ചേര്‍ത്താണ് ആരാധക ശ്രദ്ധ നേടിയത്. തന്റെ 15 ചിത്രങ്ങളില്‍ നായികയായ നീതു സിങിനെ 1980ല്‍ ഋഷി കപൂര്‍ ജീവിത സഖിയാക്കി. 90കളുടെ തുടക്കത്തില്‍ സഹനടന്റെ വേഷങ്ങളിലേക്ക് മാറിയെങ്കിലും അഗ്‌നിപഥിലും മുല്‍ക്കിലും ആ ഭാവപ്പകര്‍ച്ച പിന്നെയും ബോളിവുഡിനെ വിസ്മയിപ്പിച്ചു. ആര്‍.കെ ഫിലിംസ് എന്ന കമ്പനിയിലൂടെ ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് ചുവടുറപ്പിക്കുന്ന ഘട്ടത്തില്‍ തന്നെയാണ് സംവിധായകന്റെ വേഷം അദ്ദേഹം അണിയുന്നതും. 2008ല്‍ ആജീവനാന്ത മികവിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടി. 2018ല്‍ അര്‍ബുദം സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ഒരു വര്‍ഷത്തോളം യു.എസില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ സെപ്തംബറിലാണ് രാജ്യത്ത് തിരിച്ചെത്തിയത്. ആരോഗ്യപ്രശ്‌നങ്ങളെതുടര്‍ന്ന് കഴിഞ്ഞദിവസം വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്‍ബീര്‍ കപൂര്‍ മകനാണ്. ബോളിവുഡിന്റെ മറ്റൊരു നടന വിസ്മയം അടുത്തടുത്ത രണ്ടു ദിവസങ്ങളിലായി വലിയ നഷ്ടമായാണ് ബോളിവുഡിന് നേരിടേണ്ടി വന്നത്.