ഇന്ത്യയിലേക്ക് അനുമതി ലോക്ക്ഡൗണ്‍ തീര്‍ന്ന ശേഷം -മന്ത്രി പുരി
ദുബൈ: ഈ മാസം 6 തിങ്കളാഴ്ചയോടെ എമിറേറ്റ്സ് എയര്‍ലൈന്‍ ചില യാത്രാ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുമെന്ന് ചെയര്മാന് ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍മക്തൂം അറിയിച്ചു. ചില പാസഞ്ചര്‍ വിമാനങ്ങളുടെ സര്‍വീസിന് യുഎഇ അധികൃതരുടെ പ്രത്യേക അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും നിരവധി ട്വീറ്റുകളിലായി അദ്ദേഹം വ്യക്തമാക്കി. കൊറോണ വൈറസ് മഹാമാരി മൂലം ദുബൈയിലെ എയര്‍പോര്‍ട്ടുകളില്‍ വാണിജ്യ സര്‍വീസുകള്‍ ഇപ്പോള്‍ നടക്കുന്നില്ല. എന്നാല്‍, യുഎഇയില്‍ നിന്നും പുറത്തേക്കുള്ള ഏതാനും ചില യാത്രാ വിമാനങ്ങളുടെ സര്‍വീസിനാണ് നിലവില്‍ പ്രത്യേക അനുമതിയായിരിക്കുന്നതെന്നാണ് ശൈഖ് അഹ്മദ് വ്യക്തമാക്കിയത്. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നാണ് അറിയുന്നത്. യാത്രാ നിയന്ത്രണങ്ങള്‍ പാലിച്ച് ക്രമേണ സര്‍വീസുകള്‍ ഉയര്‍ത്തിക്കൊണ്ടു വരാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്കുള്ള സര്‍വീസ് എമിറേറ്റ്സ് ഷെഡ്യൂള്‍ ചെയ്തിരുന്നു. ഏപ്രില്‍ ആറു മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും അടക്കം ഏഴ് ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, ഇതിന് കേന്ദ്രത്തിന്റെ അനുമതി ലഭിക്കില്ലെന്നാണ് ഏറ്റവും പുതിയ വിവരം. ഇന്ത്യയിലെ ലോക്ക്ഡൗണ്‍ തീര്‍ന്ന ശേഷം മാത്രമേ അനുമതിയുണ്ടാകൂവെന്ന് കേന്ദ്ര സിവില്‍-വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇന്നലെ പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അതേസമയം, വിമാന സര്‍വീസുകളുടെ പുനരാരംഭം പൊതുവെയുള്ള മറ്റു വിമാന സര്‍വീസുകളുടെ തിരിച്ചു വരവിനും സഹായിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. നിയന്ത്രണങ്ങളോടെ വിമാനങ്ങളുടെ സര്‍വീസ് രാജ്യത്ത് ക്രമേണ ഉയര്‍ത്തിക്കൊണ്ടു വരാനാകുമെന്നാണ് കരുതുന്നതെന്നും ഗതാഗത-ലോജിസ്റ്റിക്സ് മേഖലകള്‍ യുഎഇയുടെ ജൈവഘടനയുടെ ഭാഗമായതിനാല്‍ തന്നെ, ഇക്കാര്യത്തില്‍ അധികൃതരും ബദ്ധശ്രദ്ധരാണെന്നും വിദേശ കാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്യൂണികേഷന്‍സ് ഡയറക്ടര്‍ ഹിന്ദ് അല്‍ ഉതൈബയെ ഉദ്ധരിച്ചുള്ള ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കോവിഡ് 19മായി ബന്ധപ്പെട്ട് യുഎഇയില്‍ മുഴുവന്‍ രാജ്യങ്ങളുടെയും വാണിജ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ബൃഹത്തായ വിമാന കമ്പനിയാണ് എമിറേറ്റ്സ് എയര്‍ലൈന്‍. കോവിഡ് 19 മാഹാമാരി മൂലം മാര്‍ച്ച് 25നാണ് എമിറേറ്റ്സ് സര്‍വീസ് നിര്‍ത്തി വെച്ചത്. ആഗോളീയമായി അതിര്‍ത്തികള്‍ അടച്ചതും ഇതിലേക്ക് വഴിവെച്ചു.
ഏതായാലും, എമിറേറ്റ്സ് വാണിജ്യ സര്‍വീസ് പുനരാരംഭ വാര്‍ത്ത രാജ്യത്തുടനീളം വലിയ പ്രതീക്ഷയും ആഹ്ളാദവും സൃഷ്ടിച്ചിരിക്കുകയാണ്. .