ലോക്ഡൗണില്‍ അവശ്യസാധനങ്ങള്‍ക്കായി
ഒരു ദിവസംപോലും പുറത്തിറങ്ങേണ്ടി വന്നിട്ടില്ല
യു.പി. അബ്ദുല്‍മജീദിന്
അഗസ്ത്യന്മുഴിയിലെ ‘സാരംഗി’ വീട് ലോക്ഡൗണ്‍ കാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നതിലും നാട്ടിലെങ്ങും ചര്‍ച്ചയായതിലും അതിശയമില്ല. കാരണം ഒരു വീട്ടിലേക്കാവശ്യമായ മിക്ക സാധനങ്ങളും യു .പി. അബ്ദുല്‍മജീദിന്റെ വീട്ടുവളപ്പില്‍ ലഭ്യമാണ്. മുറ്റം നിറയെ ചട്ടികളില്‍ വിവിധയിനം പച്ചക്കറികളാണ് . വിവിധ ഇനം തക്കാളി, വെണ്ട, ചീര, പച്ചമുളക്, വഴുതന, പടവലം, അമര, കയ്പ്പ, വെള്ളരി, ഇളവന്‍, മത്തന്‍ എന്നിവക്കു പുറമെ രാമച്ചം, നാഗവെറ്റില,പൊതീന, ആര്യവേപ്പ്, സര്‍വ്വസുഗന്ധി തുടങ്ങിയ ഔഷധ സസ്യങ്ങളുമുണ്ടിവിടെ. വയലിലും പറമ്പിലുമായി നേന്ത്രന്, ഞാലിപ്പൂവന്, റോബസ്റ്റ, പാളയംകോടന്, പൂവന്, ചക്കയും, മാങ്ങയും, അമ്പഴവും, ബട്ടര്‍ ഫ്രുട്ടും,പാഷന് ഫ്രൂട്ടും, ഓറഞ്ചും, പേരയും ഫലസമൃദ്ധി. കപ്പയും,ചേമ്പും,മധുരക്കിഴങ്ങും,കാച്ചിലും,കൂര്ക്കയുമുള്പ്പെടെയുള്ള കിഴങ്ങുവര്‍ഗങ്ങളുടെ വിവിധയിനങ്ങള്‍ കൂടാതെ കരനെല്‍ കൃഷിയും,ചോളവും.
അബ്ദുല്‍മജീദ്, ഭാര്യ സഫിയ, മക്കളായ മിനു, ലിനു എന്നിവര്‍ തന്നെയാണ് പ്രധാനമായും പരിചരണം.
കൊറോണയുടെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണ്‍കാലത്തെ നേരമ്പോക്കല്ല അബുദുള്മജീദിനു കൃഷി.തന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് കൃഷിയെന്നു സര്‍ക്കാരിന്റെ ഓഡിറ്റ് വിഭാഗത്തില്‍ സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച അബ്ദുല്‍ മജീദ് പറയുന്നു. അതുകൊണ്ടു തന്നെ ഈ ലോക്ക് ഡൗണ്‍ കാലത്തു അവശ്യ സാധനങ്ങള്‍ക്കായി ഈ കുടുംബം ഇന്നുവരെ ബുദ്ധിമുട്ടിയിട്ടില്ല. പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് ഇദ്ദേഹത്തിന്റെ കൃഷിരീതി. അക്വപോണിക് രീതിയിലുള്ള മല്‍സ്യ കൃഷിയില്‍നിന്നുള്ള വെള്ളം പച്ചക്കറി നനക്കാനായി ഉപയോഗിക്കും. പിണ്ണാക്കും തവിടും ചേര്‍ത്താണ് മീന്‍ തീറ്റ ഉണ്ടാക്കുന്നത്. വളര്‍ത്തുന്ന കുള്ളന്‍ പശുക്കളുടെ പാല് വീട്ടാവശ്യത്തിനുപയോഗിക്കുമ്പോള് പശുക്കള്‍ക്ക് തീറ്റക്കായി പുല്ലും വളര്‍ത്തുന്നുണ്ട്.മാലിന്യം ഒരു വേണ്ടാത്ത വസ്തുവല്ല മജീദിനും കുടുംബത്തിനും.വീട്ടിലെ മാലിന്യവും ചാണകവും ഉപയോഗിച്ച് വെവ്വേറെ ബയോഗ്യാസ് പ്ലാന്റുകളുണ്ട്.
സോളാര്‍ പാനല്‍ ഉപയോഗിച്ച് വീട്ടിലേക്കുള്ള വൈധ്യുതിയും ഉല്‍പ്പാദിപ്പിക്കുന്നു വൈവിധ്യങ്ങളെയും, പരീക്ഷണങ്ങളെയും ഏറെ ഇഷ്ട്ടപ്പെടുന്ന മജീദ്, കൃഷിയാവശ്യത്തിന് മാത്രമാണ് സോളാര്‍ അല്ലാത്ത വൈദ്യതി ഉപയോഗിക്കുന്നത്. സ്നേഹത്തോടെ പ്രിയപ്പെട്ടവക്ക് നല്കുകയല്ലാതെ പച്ചക്കറികളൊന്നും വില്‍പ്പനക്കു വെക്കാറില്ല.താന്‍ മണ്ണില്‍ വിളയിച്ചെടുക്കുന്ന വിളകളെല്ലാം കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ഉപകാരമാവുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി മാത്രമേ അധ്വാനത്തിന് മറ്റെന്തിനേക്കാളും വിലമതിക്കുന്ന അബ്ദുള്‍ മജീദ് കാംക്ഷിക്കുന്നുള്ളൂ.
കൃഷി പരിപാലനമായാലും തൊഴിലായാലും കൃത്യത വേണമെന്ന നിര്‍ബന്ധബുദ്ധിയുണ്ട് ഇദ്ദേഹത്തിന്. ,അതുതന്നെയാണ് അബ്ദുല്‍ മജീദിന്റെ വിജയത്തിന് പിന്നിലെ രഹസ്യവും.