കാസര്‍കോട്: കര്‍ണാടക അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ കാസര്‍കോട് രണ്ട് പേര്‍ കൂടി മരിച്ചു. മഞ്ചേശ്വരം ഹൊസങ്കടി സ്വദേശി രുദ്രപ്പ (61), മഞ്ചേശ്വരം തുമിനാട് സ്വദേശി യൂസഫ് (55) എന്നിവരാണ് മരിച്ചത്. ഇരുവരും ഹൃദ്രോഗ ബാധിതരായി ഏറെ കാലമായി ചികിത്സയിലായിരുന്നു. ഇതോടെ കര്‍ണാടക അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് കാസര്‍കോട് ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം ഒമ്പതായി.
കര്‍ണാടക അതിര്‍ത്തി ഗ്രാമത്തിലാണ് രുദ്രപ്പയുടെ വീട്. ഇവിടെനിന്ന് എട്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് അദ്ദേഹം ചികിത്സ തേടിയിരുന്ന ആസ്പത്രി. എന്നാല്‍ അതിര്‍ത്തി അടച്ചതോടെ ചികിത്സ തുടരാന്‍ സാധിച്ചില്ല. ഞായറാഴ്ച രോഗം മൂര്‍ച്ഛിച്ചതോടെ മംഗളൂരുവിലേക്ക് പോയെങ്കിലും കടത്തിവിട്ടില്ല. തുടര്‍ന്ന് തിരിച്ച് ഉപ്പളയിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നെഞ്ചുവേദനയെ തുടര്‍ന്ന് യൂസഫിനെ ഉപ്പളയിലെ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്ക് നിര്‍ദേശിക്കുകയായിരുന്നു. കാസര്‍കോട്ടേക്കുള്ള യാത്രക്കിടെയാണ് മരണപ്പെട്ടത്. മഞ്ചേശ്വരം ഗുഡ്ഡ ഗേരിയിലെ ശേഖര(50), മഞ്ചേശ്വരം തൂമിനാട് മഹാബലഷെട്ടിയുടെ ഭാര്യ ബേബി (59), കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശി അബ്ദുല്‍ ഹമീദ്, മഞ്ചേശ്വരം കുഞ്ചത്തൂരിലെ ആയിഷ, ഉപ്പള ചെറുഗോളിയിലെ അബ്ദുല്‍ അസീസ്, ബണ്ട്വള്‍ ബിസി റോഡിലെ പാത്തൂഞ്ഞി, മഞ്ചേശ്വരം കുഞ്ചത്തൂര്‍ തൂമിനാടിലെ ശേഖരന്‍ എന്നിവരാണ് കര്‍ണാടകയുടെ മനുഷ്യത്വ രഹിതമായ നടപടിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മരണപ്പെട്ടത്.
കേരള ഹൈക്കോടതിയും സുപ്രീംകോടതിയും പുറപ്പെടുവിച്ച ഉത്തരവുകള്‍ കാറ്റില്‍ പറത്തിയാണ് കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി അടച്ചിടല്‍ തുടരുന്നത്. ഇതിനിടെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ആവര്‍ത്തിച്ചു. അതിര്‍ത്തി അടയ്ക്കുന്നത് സംബന്ധിച്ചെടുത്ത തീരുമാനം പെെട്ടന്ന് എടുത്തതല്ലെന്നും ജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഈ തീരുമാനമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.