കരുതലോടെ ഇളവുകള്‍

28

ലോക്ക്ഡൗണിന് സമഗ്ര ചട്ടക്കൂടുമായി കേന്ദ്രം; പ്രാബല്യം 20നു ശേഷം

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ അടച്ചിടലിന്റെ രണ്ടാംഘട്ടത്തില്‍ നല്‍കുന്ന ഇളവുകള്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമഗ്ര മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഏതെല്ലാം മേഖലകളില്‍ എത്രത്തോളം ഇളവുകള്‍ ആകാം എന്നതുസംബന്ധിച്ച രൂപരേഖയാണ് തയ്യാറാക്കിയിരിക്കുന്നത്. മെയ് മൂന്നുവരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. എന്നാല്‍ ഒരാഴ്ചത്തേക്ക് കൂടി സമ്പൂര്‍ണ നിയന്ത്രണം തുടരുമെന്നും ഇതിനുശേഷം ചില ഇളവുകള്‍ നല്‍കുമെന്നും ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ഇതു പ്രകാരമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
ഏപ്രില്‍ 20 മുതല്‍ മെയ് മൂന്നുവരെ കാലയളവിലേക്കുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മെയ് മൂന്നിനു ശേഷമുള്ളത് ലോക്ക്ഡൗണിന്റെ അടുത്ത ഘട്ടം എങ്ങനെയെന്ന് നോക്കിയാകും തീരുമാനിക്കുക.
വ്യവസ്ഥകള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും ഇളവുകള്‍ നല്‍കുക. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകും. കോവിഡ് വ്യാപന സാധ്യതയുടെ അടിസ്ഥാനത്തില്‍ ഹോട്ട്‌സ്‌പോട്ടുകളായി നിര്‍ണയിച്ച ജില്ലകളില്‍ ഏപ്രില്‍ 20നു ശേഷവും നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരും. രാജ്യത്തൊട്ടാകെ 170 ജില്ലകളെ കേന്ദ്ര ആരോഗ്യമന്ത്രാലയം ഹോട്ട്‌സ്‌പോട്ടുകളായി നിര്‍ണയിച്ചിട്ടുണ്ട്. ഇവ ഒഴിച്ചുള്ളവക്കായിരിക്കും ഇളവുകള്‍ ലഭിക്കുക.

ആരോഗ്യമേഖല
ആരോഗ്യ മേഖല, ആസ്പത്രികള്‍ അനുബന്ധ മേഖലകള്‍ എന്നിവ തടസ്സമില്ലാതെ പ്രവര്‍ത്തിക്കും.
ലാബുകള്‍, ഫാര്‍മസികള്‍, വെറ്ററിനറി ആസ്പത്രികള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും. മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കും മാധ്യമ അടിസ്ഥാന സൗകര്യവികസന മേഖലക്കും പ്രവര്‍ത്തനാനുമതി ഉണ്ടാകും.
കൃഷി
കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ടാകും. വിത്തിറക്കല്‍, വിളവെടുക്കല്‍, കാര്‍ഷികോത്പന്ന വിപണികള്‍, ജൈവ രാസവള, കീടനാശിനി ഉത്പാദനം, ഇവയുടെ കടത്ത്, വിപണനം, മൃഗസംസരക്ഷണ മേഖല, ക്ഷീരവ്യവാസായം, പാല്‍ സംഭരണ, വിതരണ, വില്‍പ്പന ശൃംഖലകള്‍, തേയില, കാപ്പി, റബര്‍ തോട്ടം മേഖല എന്നിവ പൂര്‍ണ തോതില്‍ അനുവദിക്കും. തോട്ടങ്ങളില്‍ ഒരേ സമയം 50 ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കൂ.
മത്സ്യബന്ധനം, മത്സ്യകൃഷി, മത്സ്യസമ്പത്തിന്റെ കടത്തും വില്‍പ്പനയും എന്നിവ പൂര്‍ണ തോതില്‍ അനുവദിക്കും.
വ്യവസായം
ഗ്രാമീണ മേഖലയിലെ ഭക്ഷ്യ സംസ്‌കരണം ഉള്‍പ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കും.
അവശ്യവസ്തു2 നിര്‍മ്മാണവും സംസ്്കരണവും പാക്കിങും
കല്‍ക്കരി, ഖനി, പെട്രോളിയം ഉദ്പാദന മേഖലകള്‍, ചണം, കയര്‍ വ്യവസായങ്ങള്‍, ഓട്, കട്ട, ഇഷ്ടിക നിര്‍മ്മാണം
സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും ഉറപ്പു വരുത്തിക്കൊണ്ട് പ്രത്യേക സാമ്പത്തിക മേഖല, കയറ്റുമതി മേഖല, വ്യവസായ എസ്‌റ്റേറ്റുകള്‍, വ്യവസായ ടൗണ്‍ഷിപ്പുകള്‍, ഐ.ടി ഹാര്‍ഡ് വെയര്‍ ഉത്പാദനം എന്നിവക്കും പ്രവര്‍ത്തിക്കാം.
നിര്‍മ്മാണം
റോഡ്, നിര്‍മാണം, ജലസേചന പദ്ധതികളും നിര്‍മാണവും, ഗ്രാമീണ മേഖലയിലെ വ്യവസായ, കെട്ടിട നിര്‍മാണ പ്രവൃത്തികള്‍, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജലസംരക്ഷണ പ്രവൃത്തികള്‍, ഗ്രാമീണ മേഖലയിലെ പൊതുസേവന കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കും.
ധനകാര്യം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍, എ.ടി.എമ്മുകള്‍, സെബി നോട്ടിഫിക്കേഷന്‍ അനുസരിച്ചുള്ള ക്യാപിറ്റല്‍, ഡെപ്റ്റ് മാര്‍ക്കറ്റുകള്‍ എന്നിവക്ക് പ്രവര്‍ത്തനാനുമതി നല്‍കും.
ഐ.ആര്‍.ഡി.എ.ഐ തീരുമാനപ്രകാരമുള്ള ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ടാകും.
സാമൂഹ്യ മേഖല
ശിശു ഭവനങ്ങള്‍, മാനസിക വെല്ലുവിളികള്‍ നേരിടുള്ളവര്‍ക്കുള്ള സ്ഥാപനങ്ങള്‍, വയോജന കേന്ദ്രങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കാം
അങ്കണവാടികള്‍, നിരീക്ഷണ കേന്ദ്രങ്ങള്‍, സാമൂഹ്യ സുരക്ഷാ സേവനങ്ങളുടെ വിതരണം എന്നിവ അനുവദിക്കും
സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും ഉറപ്പു വരുത്തി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് അനുമതി.
പൊതുസേവനങ്ങള്‍
പെട്രോള്‍ പമ്പ്, എല്‍.പി.ജി, പെട്രോളിയം ആന്റ് ഗ്യാസ് റീട്ടെയില്‍ സ്‌റ്റോറേജ് ഔട്ട്‌ലെറ്റുകള്‍
കേന്ദ്ര, സംസ്ഥാനകേന്ദ്രഭരണ പ്രദേശങ്ങളുടെ നിയന്ത്രണത്തിലുള്ള ഊര്‍ജ്ജോത്പാദനം, കടത്ത്, വിതരണം
പോസ്റ്റ് ഓഫീസുകള്‍ ഉള്‍പ്പെടെ പോസ്റ്റല്‍ സര്‍വീസ്

മുനിസിപ്പല്‍, പഞ്ചായത്ത് ഓഫീസുകളുടെ പ്രവര്‍ത്തനം
ടെലികമ്മ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ്
ഗതാഗതം, ചരക്കു കടത്ത്
അവശ്യം, അവശ്യമില്ലാത്തത് എന്ന വ്യത്യാസമില്ലാതെ എല്ലാതരം ചരക്കു കടത്തും
ചരക്കു കടത്തിനായി മാത്രം റെയില്‍വേ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തനാനുമതി
രണ്ട് െ്രെഡവര്‍മാരും ഒരു ഹെല്‍പ്പറുമായി എല്ലാ ട്രക്കുകളുടെയും സര്‍വീസ് അനുവദിക്കും.
അവശ്യ സേവനങ്ങള്‍
അവശ്യ സാധന വിതരണ ശൃംഖലയുടെ സമ്പൂര്‍ണ പ്രവര്‍ത്തനം
പൊതുവിതരണ സംവിധാനം, റേഷന്‍ ഷാപ്പുകള്‍,
ഭക്ഷ്യവസ്തുക്കള്‍, പഴം, പച്ചക്കറി, പലവ്യഞ്ജനം എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, പാല്‍ ബൂത്തുകള്‍, മത്സ്യം, മാംസം, ഇറച്ചിക്കോഴി, കാലിത്തീറ്റ, വില്‍പ്പന കേന്ദ്രങ്ങള്‍, രാസവളം, വിത്ത്, കീടനാശിനി വിപണന കേന്ദ്രങ്ങള്‍ എന്നിവക്ക് പ്രത്യേക സമയ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കാം. അതേസമയം ആളുകള്‍ വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ അതത് ജില്ലാ ഭരണകൂടങ്ങള്‍ ഹോംഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണം.
പ്രിന്റ്, ഇലക്ട്രോണിക് മീഡിയ
ഇ കൊമേഴ്‌സ്, കൊറിയര്‍ സര്‍വീസ്
ശീതീകരണ സംഭരണ കേന്ദ്രങ്ങളും ഗോഡൗണുകളും
സര്‍ക്കാര്‍ സേവനങ്ങള്‍ക്കു വേണ്ടി മാത്രം ഡാറ്റാ, കോള്‍ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍.
ലോക്ക്ഡൗണിനെതുടര്‍ന്ന് കുടുങ്ങിയ ആളുകള്‍, വിനോദ സഞ്ചാരികള്‍, മെഡിക്കല്‍ എമര്‍ജന്‍സി പ്രവര്‍ത്തകര്‍, വ്യോമ, നാവിക ജീവനക്കാര്‍ എന്നിവര്‍ക്ക് താമസം അനുവദിക്കുന്നതിനു വേണ്ടി ഹോട്ടലുകള്‍, ഹോം സ്‌റ്റേകള്‍ എന്നിവ പ്രവര്‍ത്തിക്കാം
ഇലക്ട്രീഷ്യന്‍, പ്ലംബര്‍ തുടങ്ങി സ്വയം തൊഴില്‍ ചെയ്യുന്നവര്‍
ചരക്കു വിതരണം, ഇ കൊമേഴ്‌സ്, ചരക്കുകടത്ത് എന്നിവ പൂര്‍ണമായി അനുവദിക്കും.
സാമൂഹ്യ അകലം പാലിക്കല്‍, പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ വീടുകളില്‍ നിര്‍മ്മിച്ച മാസ്‌കുകള്‍ ധരിക്കല്‍ എന്നിവ നിര്‍ബന്ധമായിരിക്കും.
മറ്റുള്ളവ
പ്രതിരോധം, കേന്ദ്രസേന, സായുധ പൊലീസ് സേന, ആരോഗ്യം, കുടുംബക്ഷേമം, ദുരന്ത നിവാരണം, ദുരന്ത മുന്നറിയിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും.
സംസ്ഥാന പൊലീസ് സേന, ഹോംഗാര്‍ഡ്‌സ്, സിവില്‍ ഡിഫന്‍സ്, അഗ്‌നിശമന സേന, ആംബുലന്‍സ് അടക്കമുള്ള അടിയന്തര സേവനങ്ങള്‍
സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും മറ്റെല്ലാ വകുപ്പുകളുടേയും പ്രവര്‍ത്തനങ്ങള്‍ ജീവനക്കാരുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് പുനരാരംഭിക്കാം.