കാസര്‍ക്കോട്ടെ അതിജീവനത്തിന്റെ കണക്കുകള്‍ ഇങ്ങനെ…

കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ നിന്നു ഡിസ്ചാര്‍ജ്ജ് ചെയ്ത് പോകുന്നവര്‍

ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചിട്ട് 74 ദിവസം പിന്നിടുമ്പോള്‍ പുറത്തുവരുന്ന അതിജീവനത്തിന്റെ കണക്കുകള്‍ ആശ്വാസത്തിന്റെതാണ്. പോസിറ്റീവ് കേസുകളുടെ ഗ്രാഫ് ഉയരുന്നുവെന്ന ആശങ്കക്കിടയിലും രോഗ മുക്തി നേടുന്നവരുടെ എണ്ണം ഗണ്യമായി കൂടുന്നതും കാസര്‍കോടിനെ സംബന്ധിച്ചെടുത്തോളം പ്രതീക്ഷ പകരുന്നു.
കോവിഡ് അതിജീവനത്തിന്റെ രണ്ടാംഘട്ടത്തില്‍ മാര്‍ച്ച് 16നാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. നാലാഴ്ച പിന്നിടുമ്പോള്‍ 73പേരാണ് രോഗം ഭേദമായി ആസ്പത്രി വിട്ടത്. ഇത്രയധികം കോവിഡ് വിഴുങ്ങിയ കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന്റെ കണക്ക് തന്നെയാണിത്. കഴിഞ്ഞ ദിവസം 12 പേരാണ് രോഗവിമുക്തരായി ആസ്പത്രി വിട്ടത്. രണ്ടുദിവസത്തിനകം രോഗമുക്തി നേടിയത് 38പേര്‍. രാജ്യത്ത് തന്നെ ഇത്രയധികം പേര്‍ രോഗമുക്തി നേടുന്നത് ഇതാദ്യമാണ്. 37 ശതമാനമാണ് റിക്കവറി റേറ്റ്. അമേരിക്കയില്‍ ഇത് 5.7 ശതമാനവും ഇന്ത്യയില്‍ 11.4 ശതമാനവുമാണ്. മരണം റിപ്പോര്‍ട്ട് ചെയ്യാത്തതും ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ടുനാള്‍ പോസിറ്റീവ് കേസുകളില്ലാത്തതും കാസര്‍കോടിന് ആശ്വാസമായി.
ജില്ലയില്‍ 166പേര്‍ക്കാണ് ഇതുവരെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. മൂന്നിലൊന്ന് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ജനുവരി അവസാനത്തില്‍ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കാണ് ജില്ലയില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് രോഗം ഭേദമായി ആസ്പത്രി വിട്ടു. ജനുവരി 28നു രാത്രി ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥി 31നാണ് രോഗലക്ഷണങ്ങളെ തുടര്‍ന്നു ജില്ലാ ആസ്പത്രിയിലെത്തിയത്.
രണ്ടാമത്തെ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത് മാര്‍ച്ച് 16നാണ്. കഴിഞ്ഞ മാസം 14നു രാവിലെ ദുബൈയില്‍ നിന്ന് മംഗളൂരുവിലെത്തിയ കളനാട് സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളില്‍ നിന്നും മാത്രം ഇതുവരെ 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നുവെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇയാള്‍ രണ്ടുദിവസം മുമ്പ് രോഗമുക്തി നേടി ആസ്പത്രി വിട്ടു.
മൂന്നാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് 19നാണ്. ആറു പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീടങ്ങോട്ട് ഏപ്രില്‍ ആറുവരെ രോഗബാധിതരുടെ ഗ്രാഫ് കുത്തനെ ഉയരുകയായിരുന്നു. മാര്‍ച്ച് 23ന് 19 പേര്‍ക്കും 27നു 33പേര്‍ക്കും 30ന് 17 പേര്‍ക്കും ഏപ്രില്‍ ഒന്നിനു 12 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയേറി. മാര്‍ച്ച് അവസാനത്തോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 130 കടന്നു. രോഗികള്‍ കൂടുന്നതിനു പുറമെ വലിയ രീതിയില്‍ നിരീക്ഷത്തിലുള്ളവരുടെ എണ്ണവും കൂടി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം പതിനായിരം കടന്നു. ഇതിനിടെ മാര്‍ച്ച് 25നും ഏപ്രില്‍ 12, 13നും പോസിറ്റീവ് കേസുകളില്ലാത്തത് വലിയ ആശ്വാസം പകര്‍ന്നു.