ഗ്രീന്‍ സോണിലായിരുന്ന കോട്ടയം ജില്ലയില്‍ കൊവിഡ് പൊസിറ്റീവ് കേസുകള്‍ കൂടിയത് അപ്രതീക്ഷിതമായി . ഇടുക്കിയിലും കോട്ടയത്തുമായി 31 പേര്‍ക്കാണ് കഴിഞ്ഞ 5 ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ കൂടുതല്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്നലെ ഫലം പോസിറ്റീവായ ആറുപേര്‍ ഉള്‍പ്പെടെ 17 കോവിഡ് രോഗികളായി കോട്ടയത്ത് മാത്രം . മൂന്ന് ദിവസം കൊണ്ടാണ് ഈ സ്ഥിതിയിലേക്ക് എത്തിയത്. ഇതോടെ ജില്ലയിലെങ്ങും കടുത്ത ഭീതിയാണ് ജാഗ്രയ്ക്കിടെയും വിതയ്ക്കുന്നത്. കേരള – തമിഴ് നാട് അതിര്‍ത്തി മേഖലയില്‍ രോഗം പടരാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ ജില്ലാ ഭരണ കൂടത്തിന് ലഭിച്ചതാണ്. എന്നാല്‍ വേണ്ടത്ര ശ്രദ്ധ ഇവിടേക്ക് പതിയും മുമ്പേ രോഗ വ്യാപനം നടന്നു.
ഇന്നലെ രോഗികളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് കോട്ടയവും റെഡ്സോണായി മാറിക്കഴിഞ്ഞു. കോട്ടയത്ത് കോവിഡ് ടെസ്റ്റിന്റെ റിസള്‍ട്ട് വളരെ വൈകിയാണ് വരുന്നത്. ഇത് കാരണം രോഗനിര്‍ണയം വൈകുന്നു . ഇതാണ് രോഗ വ്യാപനത്തിന്റെ മുഖ്യകാരണം. ടെസ്റ്റ് നടത്താനുളള കിറ്റ് വാങ്ങുന്നതിന് ആവശ്യമായ പണം തങ്ങളുടെ ഫണ്ടില്‍ നിന്നും ഇനിയും നല്‍കാന്‍ തയറാണെന്ന് തോമസ് ചാഴികാടന്‍ എം.പി.യും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും അറിയിച്ചിരുന്നു. ഈ നിര്‍ദ്ദേശം ജില്ലയുടെ ചുമതലയുളള മന്ത്രി പി.തിലോത്തമനെ ധരിപ്പിച്ചപ്പോള്‍ കിറ്റ് വാങ്ങുന്നതിനാവശ്യമായ പണം ലഭ്യമാണെന്നാണ് പറഞ്ഞിരുന്നത്.
ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയും ട്രക്ക് ഡ്രൈവറും ഉള്‍പ്പെടുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോണ്‍ടാക്ടാണ് നാല്‍പ്പതുകാരനായ ഈ തൊഴിലാളി. മുട്ടമ്പലം സ്വദേശിയാണ് ഇയാള്‍. കുഴിമറ്റം സ്വദേശിനിയായ 56-കാരിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍. രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തുനിന്ന് എത്തിയ ആരോഗ്യപ്രവര്‍ത്തകന്റെ ബന്ധുവാണ് ഇവര്‍. രോഗം സ്ഥിരീകരിച്ച മണര്‍കാട് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ (43) കോഴിക്കോട് ജില്ലയില്‍ പോയിരുന്നു എന്നണ് ലഭിക്കുന്ന വിവരം. ആക്രി കച്ചവടം ചെയ്യുന്ന തമിഴ്‌നാട് സ്വദേശി (46) യാണ് കോട്ടയത്ത് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍. ഇയാള്‍ ചങ്ങനാശേരിയിലാണ് താമസിക്കുന്നത്. ഇയാള്‍ തൂത്തുക്കുടിയില്‍ പോയിരുന്നെന്നാണു വിവരം. സേലത്തുനിന്ന് വന്ന മേലുകാവുമറ്റം സ്വദേശിനിയായ ബാങ്ക് ജീവനക്കാരി (28) യാണ് കോവിഡ് ബാധിച്ച മറ്റൊരാള്‍. കോട്ടയത്തെ ആരോഗ്യപ്രവര്‍ത്തകനും (40) കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ ്രെപെമറി കോണ്‍ടാക്ടാണ് ഇയാള്‍. വടവാതൂര്‍ സ്വദേശിയാണ് ഇദ്ദേഹം.
ഇന്നലെ കോട്ടയത്ത് സ്ഥിരികരിച്ച 6 കോവിഡ് കേസുകള്‍ സമ്പര്‍ക്കം വഴിയാണ്. കോട്ടയത്ത് സമൂഹവ്യാപന സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്നു കലക്ടര്‍ അറിയിച്ചു. ജില്ലാ അതിര്‍ത്തി അടയ്ക്കാനും തീരുമാനിച്ചു.
രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പുറമെ ഗര്‍ഭിണികള്‍, വയോജനങ്ങള്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരെയും പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് അധികൃതരുടെ അറിയിപ്പുണ്ട് .