കൂട്ടുകാര്‍ ചേര്‍ന്ന് പത്താംക്ലാസ് വിദ്യാര്‍ഥിയെ കൊന്ന് കുഴിച്ചുമൂടി; രണ്ടുപേര്‍ കസ്റ്റഡിയില്‍

52

കൊടുമണ്‍ (പത്തനംതിട്ട): കൂട്ടുകാര്‍ ചേര്‍ന്ന് സുഹൃത്തിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി. അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷ് – മിനി ദമ്പതികളുടെ മകന്‍ അഖില്‍ (16) ആണ് കൊല്ലപ്പെട്ടത്. കൈപ്പട്ടൂര്‍ സെന്റ ജോര്‍ജ് മൗണ്ട് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അങ്ങാടിക്കല്‍ തെക്ക് എസ്. എന്‍. വി.എച്ച്.എസ് സ്‌കൂളിന് സമീപം കദളിവനം വീടിനോട് ചേര്‍ന്ന റബര്‍ തോട്ടത്തില്‍ ചൊവ്വാഴ്ച ഉച്ചക്ക് 1 നും 3 നും ഇടക്കാണ് സംഭവം.
ഒമ്പതാം ക്ലാസ് വരെ ഒപ്പം പഠിച്ച അങ്ങാടിക്കല്‍ വടക്ക് സ്വദേശിയും കൊടുമണ്‍ മണിമലമുക്ക് സ്വദേശിയും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. രാവിലെ അഖിലിനെ വീട്ടില്‍ നിന്നും സൈക്കിളില്‍ വിളിച്ച് ഇറക്കിക്കൊണ്ടു പോവുകയായിരുന്നുവെന്ന് പറയുന്നു. ഇവര്‍ വന്ന രണ്ട് സൈക്കിള്‍ സംഭവസ്ഥലത്ത് കണ്ടെത്തി. പ്രതികളില്‍ ഒരാളെ അഖില്‍ സോഷ്യല്‍ മീഡിയ വഴി കളിയാക്കിയിരുന്നുവെന്നും ഇതാണ് കൊലക്ക് പ്രേരണയെന്നും പൊലീസ് പറയുന്നു. കല്ലെറിഞ്ഞു വീഴ്ത്തിയ ശേഷം സമീപത്ത് കിടന്ന മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കുഴിച്ചുമൂടി ദൂരെ നിന്നും മണ്ണു കൊണ്ടുവന്ന് മുകളിലിട്ടു. സംശയകരമായ സാഹചര്യത്തില്‍ രണ്ട് പേര്‍ നില്‍ക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരില്‍ ഒരാള്‍ ഏതാനും പേരെക്കൂടി സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോഴാണ് നടന്ന കാര്യം ഇവര്‍ പറഞ്ഞത്. സ്ഥലത്തെ മണ്ണ് മാറ്റിയപ്പോള്‍ മൃതദേഹം കണ്ടെത്തി. വിവരമറിഞ്ഞ് ഉടന്‍ പൊലീസും സ്ഥലത്തെത്തി. പ്രതികളെ കസ്റ്റഡിയിലെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം അടൂര്‍ ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.