മലപ്പുറം: വിദേശത്തുള്ള പ്രവാസി ഇന്ത്യക്കാരെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അലംഭാവം തുടരുകയാണ്. അവരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രത്തിനുമേല്‍ സമ്മര്‍ദം ചെലുത്തേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാറിനുമുണ്ട്. എന്നാല്‍ ഇത് രണ്ടും നടക്കുന്നില്ലെന്ന് മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. സുരക്ഷയൊരുക്കുന്നതില്‍ എംബസികളുടെ ശ്രദ്ധ വേണ്ടത്രയില്ല. ഭക്ഷണം പോലും ലഭിക്കാതെ വിദ്യാര്‍ഥികള്‍ ദുരിതമനുഭവിക്കുയാണ്. മരുന്നുകള്‍ ലഭ്യമാവാതെ കഷ്ടപ്പെടുന്നവര്‍ വേറെയും. എന്നാല്‍ മറ്റു രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുപോകുന്നതിനുള്ള എല്ലാ നടപടിയും സ്വീകരിച്ചുവരികയാണ്. ഇത് കണ്ട് നിസ്സഹായരായി നോക്കി നില്‍ക്കുകയാണ് ഇന്ത്യന്‍ പൗരന്മാര്. സ്വന്തം പൗരന്മാരെ തിരിച്ചുകൊണ്ടുപോകുന്ന രാജ്യങ്ങള്‍ക്ക് എല്ലാ സൗകര്യവും ഗള്‍ഫ് ഭരണകൂടങ്ങളൊരുക്കുമെന്ന് ഉറപ്പു നല്‍കിയിട്ടും നിസ്സംഗത തുടരുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രവാസികളുടെ കാര്യത്തില്‍ ഈ തരത്തില്‍ അലംഭാവം തുടരുന്നത് രാജ്യത്തിന്റെ യശസ്സിനെ ബാധിക്കും. സര്‍ക്കാറുകള്‍ക്ക് എല്ലാ പിന്തുണയും ജനങ്ങള്‍ നല്‍കുന്നുണ്ട്. അത് കണ്ടില്ലെന്ന് നടിക്കരുത്. ജനങ്ങള്‍ക്ക് സര്ക്കാറുകളിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ അത് കാരണമാവും. മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുകയാണ് വേണ്ടത്.
പ്രതികരിക്കാന്‍ പോലുമാവാതെ നിസ്സഹായരാണ് ജനങ്ങള്‍. ഈ സ്ഥിതി തുടര്‍ന്നാല്‍ സാധ്യമായ രീതിയില്‍ പ്രക്ഷോഭം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും. ഈ വിഷയത്തെക്കുറിച്ച് യു.ഡി.എഫ് കണ്‍വീനറുമായി സംസാരിച്ചിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു.