കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് കൈത്താങ്ങായി ജില്ലാ കലക്ടര്‍

കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിനുള്ള മരുന്നുകള്‍ മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് സെന്റര്‍ മുഖ്യ രക്ഷാധികാരി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് കൈമാറുന്നു

മലപ്പുറം : കോവിഡ് 19ന്റെ പ്രതിസന്ധിയിലും വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചെയ്യുന്ന കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് കൈത്താങ്ങായി മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്. നിലവില്‍ 81 പേര്‍ക്കാണ് ഡയാലിസിസ് ചെയുന്നത്. പൂര്‍ണമായും സൗജന്യമായി ചെയ്യുന്ന ഡയാലിസിസ് സെന്ററിന് പ്രതിമാസം 13 ലക്ഷത്തോളം രൂപ ചെലവ് വരുന്നുണ്ട്. ഈ സാഹചര്യത്തിലും ഇത്രയും രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചെയ്തു കൊടുക്കുന്നത്തില്‍ കലക്ടര്‍ സന്തുഷ്ടി രേഖപെടുത്തി. കലക്ടര്‍ പ്രത്യേകം താല്പര്യമെടുത്ത് ഔഷധ വ്യാപാര സംഘടന (എ.കെ.സി.ഡി.എ)വഴിയാണ് മരുന്നു നല്‍കിയത്. കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജാഫര്‍ മാലിക് സെന്റര്‍ മുഖ്യ രക്ഷാധികാരി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്കു മരുന്നുകള്‍ കൈമാറി. സെന്റര്‍ ചെയര്‍മാന്‍ പി. എ. ജബ്ബാര്‍ ഹാജി, ഡയറക്ടര്‍ പി. വി. അഹമ്മദ് സാജു, എ.കെ.സി.ഡി.എ ജില്ലാ പ്രസിഡന്റ് തോമസ് കുരുവിള, സെക്രട്ടറി പി.കെ മുഹമ്മദലി, ട്രഷറര്‍ പി. മജീദ്, അബ്ദുല്ല ഹാജി, മെഹബൂബ്, ഷാഹിദ് അരീക്കോട് സംബന്ധിച്ചു.