കോവിഡില്‍ ഉന്നതതല ചര്‍ച്ച

മുന്‍ പ്രധാനമന്ത്രിമാര്‍, മുന്‍ രാഷ്ട്രപതിമാര്‍, കക്ഷി നേതാക്കള്‍ എന്നിവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: കോവിഡ് 19ന് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ രണ്ടു മുന്‍ രാഷ്ട്രപതിമാരെയും, പ്രധാനമന്ത്രിമാരെയും ഫോണില്‍ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്.
മുന്‍ രാഷ്ട്രപതിമാരായ പ്രണബ് മുഖര്‍ജി, പ്രതിഭ പാട്ടീല്‍, മുന്‍ പ്രധാനമന്ത്രിമാരായിരുന്ന മന്‍മോഹന്‍ സിങ്, ദേവ ഗൗഡ എന്നിവരെയാണ് മോദി ഫോണില്‍ ബന്ധപ്പെട്ടത്.
ടെലഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും കോവിഡ് 19നെതിരായ പോരാട്ടങ്ങള്‍ക്ക് വിശാലാടിസ്ഥാനത്തിലുള്ള സംയുക്ത തന്ത്രം ആവിഷ്‌കരിക്കരിക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ചകള്‍ നടന്നതെന്നാണ് സൂചന. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്തതായി സൂചനയുണ്ട്. ഇതിന് പുറമെ വിവിധ കക്ഷി നേതാക്കളുമായും മോദി ചര്‍ച്ച നടത്തി.
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, എസ്.പി നേതാക്കളായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, തൃണമൂല്‍ അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ നവീന്‍ പട്നായിക്, തെലങ്കാന മുഖ്യമന്ത്രിയും ടി. ആര്‍. എസ് അധ്യക്ഷനുമായ കെ.ചന്ദ്രശേഖര്‍ റാവു, ഡി .എം .കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, ശിരോമണി അകാലി ദള്‍ നേതാവ് പ്രകാശ് സിങ് ബാദല്‍ എന്നിവരുമായും മോദി ഫോണില്‍ ചര്‍ച്ച നടത്തിയതായാണ് വിവരം.
ബുധനാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴി ഒരു സര്‍വകക്ഷിയോഗവും പ്രധാനമന്ത്രി വിളിച്ചിട്ടുണ്ട്. കോവിഡ് 19നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന മുഖ്യമന്ത്രിമാരുമായി മോദി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു.