ലോക്ക്ഡൗണ്‍ നീട്ടി മഹാരാഷ്ട്രയും പശ്ചിമ ബംഗാളും
ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് ബാധക്കു മുന്നില്‍ പകച്ച് സംസ്ഥാനങ്ങള്‍. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയും പശ്ചിമ ബംഗാളും ലോക്ക്ഡൗണ്‍ 15 ദിവസത്തേക്കു കൂടി നീട്ടി.
രാജ്യത്തിന് മാതൃക തീര്‍ത്ത് പ്രതിസന്ധിയില്‍ 15 ദിവസം കൂടി ലോക്ക്ഡൗണ്‍ നീട്ടുന്നതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. ഇതോടെ ഏപ്രില്‍ 30 വരെ സംസ്ഥാനം അടഞ്ഞു കിടക്കും.സംസ്ഥാനത്ത് മുംബൈ, പുനെ, താനെ ജില്ലകളില്‍ കാര്യങ്ങള്‍ ഗുരുതരമാണ്.
പശ്ചിമ ബംഗാളിലും 15 ദിവസത്തേക്ക് ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കുന്നതായി മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.
സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ 10 വരെ അടഞ്ഞു തന്നെ കിടക്കുമെന്നും അവര്‍ അറിയിച്ചു. കര്‍ണാടകയും 15 ദിവസത്തേക്ക് ലോക്ക്ഡൗണ്‍ നീട്ടുന്നതായി അറിയിച്ചു. അതേ സമയം കൃഷി, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് ചില ഇളവുകള്‍ ലോക്ക്ഡൗണില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഒഡീഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും നേരത്തെ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു.
അതേ സമയം മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനേന ഗണ്യമായാണ് വര്‍ധിക്കുന്നത്. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 1765 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1182 ആണ്. ഇതുവരെ 75 പേരാണ് മുംബൈയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. 189 പുതിയ കേസുകളും 11 മരണവും മുംബൈയില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 121 പേരാണ് മരിച്ചത്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 1,71,718 സാമ്പിളുകള്‍ പരിശോധിച്ചതായാണ് ഐ.സി.എം.ആര്‍ കണക്കുകള്‍. വെള്ളിയാഴ്ച മാത്രം 16564 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.
ഇതില്‍ 14210 എണ്ണം ഐ. സി. എം.ആര്‍ ലാബുകളിലും 2000 എണ്ണം സ്വകാര്യ ലാബുകളിലുമാണ് പരിശോധിച്ചത്. ഐ. സി. എം.ആറിന് 146 ലാബുകളും സ്വകാര്യ മേഖലയില്‍ 67 ലാബുകളുമാണ് കോവിഡ് പരിശോധന നടത്തുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകള്‍ ഇങ്ങനെ
ആന്ധ്ര പ്രദേശ്
സംസ്ഥാനത്ത് 415 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറു പേര്‍കോവിഡ് മൂലം മരിച്ചു. 11 പേര്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇന്നലെ മാത്രം 24 കേസുകള്‍ കൂടി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.
അസം
29 പേര്‍ക്കാണ് അസമില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ കോവിഡ് പിടിപെട്ട് മരിച്ചു.
ബിഹാര്‍
സംസ്ഥാനത്ത് ഇതുവരെ 60 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചത്തീസ്ഗഡ്
18 പേര്‍ക്കാണ് ചത്തീസ്ഗഡില്‍കോവിഡ് സ്ഥിരീകരിച്ചത്. ഒമ്പത് പേര്‍ ഇതിനോടകം തന്നെ കോവിഡ് ഭേദമായി ആശുപത്രി വിട്ടു.
ഡല്‍ഹി
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മൂന്നാമത്തെ സംസ്ഥാനമാണ് ഡല്‍ഹി. ഇതുവരെ 903 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 14 പേര്‍ കോവിഡ് ബാധിച്ച് മരിച്ചപ്പോള്‍ 25 പേര്‍ക്ക് അസുഖം പൂര്‍ണമായും ഭേദമായി.
ഗോവ
ഏഴു പേര്‍ക്കാണ് കൊച്ചു സംസ്ഥാനമായ ഗോവയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ അസുഖം ഭേദമായി ആശുപത്രി വിടുകയും ചെയ്തു.
ഗുജറാത്ത്
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. ഇതുവരെ സംസ്ഥാനത്ത് 19 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഇന്നലെ പുതുതായി 54 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 432 ആയി. 31 പേരാണ് അസുഖം ഭേദമായി ആശുപത്രി വിട്ടത്.
ഹരിയാന
മൂന്ന് മരണങ്ങളും 177 കോവിഡ് കേസുകളുമാണ് ഹരിയാനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് 29 പേര്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു. അതേ സമയം ചണ്ഡീഗഡില്‍ 18 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഹിമാചല്‍ പ്രദേശ്
28 കോവിഡ് കേസുകളാണ് ഹിമാചലില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ആറു പേര്‍ക്ക് അസുഖം ഭേദമായപ്പോള്‍ ഒരു മരണവും സംസ്ഥാനത്ത് കോവിഡ് മൂലം സംഭവിച്ചിട്ടുണ്ട്.
ജമ്മുകശ്മീര്‍
കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരില്‍ 224 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറു പേര്‍ക്ക് അസുഖം ഭേദമായപ്പോള്‍ നാലു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 17 കേസുകളാണ് പുതുതായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ലഡാക്
കേന്ദ്രഭരണ പ്രദേശമായ ലഡാകില്‍ 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 10 പേര്‍ക്ക് അസുഖം ഭേദമാവുകയും ചെയ്തു.
ജാര്‍ഖണ്ഡ്
17 കോവിഡ് കേസുകളാണ് ജാര്‍ഖണ്ഡില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു മരണവും സംസ്ഥാനത്ത് കോവിഡ് മൂലം സംഭവിച്ചു.
കര്‍ണാടക
രാജ്യത്ത് തന്നെ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ച കര്‍ണാടകയില്‍ ഇതുവരെ ആറു പേരാണ് വൈറസ് ബാധമൂലം മരിച്ചത്. 37 പേര്‍ അസുഖം ഭേദമായി വീട്ടിലെത്തിയപ്പോള്‍ 214 പേര്‍ക്ക് സംസ്ഥാനത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മധ്യപ്രദേശ്
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. ഇതുവരെ 36 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരിച്ച 36 പേരില്‍ 27 പേരും ഇന്‍ഡോറില്‍ നിന്നുള്ളവരാണ്. ഇന്‍ഡോറില്‍ രേഖപ്പെടുത്തിയ മരണത്തിന്റെ കണക്ക് ദേശീയ ശരാശയിയുടെ മൂന്ന് മടങ്ങ് വരും. രാജ്യത്ത് ആദ്യമായി ഒരു ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചതും ഇവിടെയാണ്. 443 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.
ഒഡീഷ
കോവിഡിനെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണ്‍ ആദ്യമായി നീട്ടിയ സംസ്ഥാനത്ത് 48 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് പേര്‍ക്ക് അസുഖം ഭേദമായി.
പഞ്ചാബ്
കോവിഡിനെ പിടിച്ചുകെട്ടാന്‍ ലോക്ക്ഡൗണ്‍ 15 ദിവസത്തേക്ക് കൂടി നീട്ടിയ പഞ്ചാബില്‍ ഇതുവരെ 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചു പേര്‍ക്ക് അസുഖം ഭേദമാവുകയും 12 പേര്‍ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിക്കുകയും ചെയ്തു.
രാജസ്ഥാന്‍
രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുതല്‍ സ്ഥിരീകരിക്കപ്പെട്ട സംസ്ഥാനങ്ങളിലൊന്നായ രാജസ്ഥാനില്‍ ഇതുവരെ മൂന്നു മരണങ്ങളാണ് വൈറസ് ബാധമൂലം റിപ്പോര്‍ട്ട് ചെയ്തത്.
21 പേര്‍ക്ക് അസുഖം മാറി. 678 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന്‌ലെ മാത്രം 117 കേസുകളാണ് രാജസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തത്.
തമിഴ്‌നാട്
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. 44 പേര്‍ക്ക് അസുഖം പൂര്‍ണമായും ഭേദമായപ്പോള്‍ 969 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത്.
ഇ ന്ന ലെ 58 കേ സു കളാണ് പു തു താ യി റിപ്പോര്‍ട്ട് ചെ യ്ത ത്. കോ വിഡ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. തമിഴ്നാട് ഈ റോഡ് സ്വദേശിയാണ് ശനി യാ ഴ്ച മരിച്ചത്. ഇതോടെ തമിഴ്നാട്ടില്‍ ആകെ മരിച്ചവരുടെ എണ്ണം പത്തായി.
തെലങ്കാന
ഒമ്പത് പേര്‍ കോവിഡ് മൂലം മരിച്ച തെലങ്കാനയില് 43 പേര്‍ അസുഖം ഭേദമായിട്ടുണ്ട്. 504 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഉത്തരാഖണ്ഡ്
കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംസ്ഥാനത്ത് 35 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും അഞ്ചു പേര്‍ക്ക് അസുഖം ഭേദമാവുകയും ചെയ്തിട്ടുണ്ട്.
ഉത്തര്‍പ്രദേശ്
448 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച യു.പിയില്‍ ഇതുവരെ നാലു പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 32 പേര്‍ക്ക് അസുഖം പൂര്‍ണമായും ഭേദമായിട്ടുണ്ട്. ഇന്നലെ 15 പേര്‍ക്കാണ് സംസ്ഥാ നത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.
പശ്ചിമ ബംഗാള്‍
126 പേര്‍ക്കാണ് ബംഗാളില്‍ കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചു പേര്‍ കോവിഡ് ബാധിച്ച് മരിച്ച സംസ്ഥാനത്ത് 16 പേര്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു.