കോവിഡ്: ഇനി പൂള്‍ ടെസ്റ്റും

11
ഡല്‍ഹി ഷാജഹാനാബാദില്‍ ഡോക്ടര്‍മാരുടെ സംഘം വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നു

ന്യൂഡല്‍ഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ യഥാര്‍ഥ ചിത്രം തിരിച്ചറിയാനായി പ്രത്യേകം തെരഞ്ഞെടുത്ത ജില്ലകളില്‍ സര്‍ക്കാര്‍ പൂള്‍ ടെസ്റ്റിനൊരുങ്ങുന്നു. രാജ്യത്തെ 436 ജില്ലകളിലാണ് പൂള്‍ ടെസ്റ്റ് നടത്തുക. ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ജില്ലകളില്‍ പലതിലും പരിശോധന നടക്കാത്തതുകൊണ്ടാണ് രോഗം റിപ്പോര്‍ട്ടു ചെയ്യാത്തതെന്ന വിമര്‍ശം വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി.
ഇതുവരെ ഒരു കോവിഡ് രോഗം പോലും റിപ്പോര്‍ട്ടു ചെയ്യപ്പെടാത്ത രാജ്യത്തെ 436 ജില്ലകളെയാണ് പൂള്‍ ടെസ്റ്റിന് വിധേയമാക്കുക. ഇതോടെ രോഗവ്യാപനത്തിന്റെ കൂടുതല്‍ വ്യക്തതമായ ചിത്രം ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ആവശ്യത്തിന് കോവിഡ് പരിശോധനകളും മുന്‍കരുതലുകളും എടുക്കാതെ ലോക്ഡൗണ്‍ അവസാനിപ്പിക്കരുതെന്ന ആവശ്യം ഉയര്‍ന്നിരുന്നു. രാജ്യത്തെ യഥാര്‍ഥ കോവിഡ് വ്യാപനത്തെക്കുറിച്ച് വ്യക്തതയില്ലാതെ ലോക്ഡൗണ്‍ അവസാനിപ്പിച്ചാല്‍ ദുരന്തമായിരിക്കുമെന്ന മുന്നറിയിപ്പ് കണക്കെടുത്താണ് പൂള്‍ ടെസ്റ്റിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ജനങ്ങളെ പ്രത്യേകം കൂട്ടങ്ങളായി തിരിച്ച് ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നയാളുടെ സാമ്പിള്‍ പരിശോധനക്കയക്കുകയാണ് പൂള്‍ ടെസ്റ്റില്‍ ചെയ്യുക. പരിശോധനക്കയക്കുന്ന സാമ്പിള്‍ പോസിറ്റീവായാല്‍ ഈ കൂട്ടത്തിലെ എല്ലാവരേയും പരിശോധിക്കും. പ്രത്യേക തെരഞ്ഞെടുപ്പ് നടത്താതെ എല്ലാവരേയും പരിശോധിക്കുന്ന സമയനഷ്ടവും ധനനഷ്ടവും ഇല്ലാതാക്കുകയാണ് പൂള്‍ ടെസ്റ്റ് കൊണ്ട് ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്പിലൂടെയും, നിരീക്ഷണത്തിലുള്ളവരുടേയും കണക്കുകള്‍ ശേഖരിച്ച ശേഷമാണ് പൂള്‍ ടെസ്റ്റ് എവിടെയെല്ലാം നടത്തണമെന്ന് തീരുമാനമെടുക്കുക. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ളവരെയായിരിക്കും പ്രധാനമായും ഇങ്ങനെ പരിശോധനക്ക് വിധേയമാക്കുക.
റാപിഡ് ടെസ്റ്റിന് പകരം ആര്‍.ടി.പി.സി.ആര്‍ എന്ന പഴയ മാര്‍ഗ്ഗത്തിലുള്ള സമയമെടുക്കുന്ന മാര്‍ഗ്ഗത്തിലാകും ടെസ്റ്റ്. കോവിഡ് വൈറസ് ശരീരത്തിലെത്തി ആദ്യത്തെ 4-5 ദിവസത്തില്‍ റാപിഡ് ടെസ്റ്റ് വഴി പരിശോധന നടത്തിയാല്‍ ഫലം ലഭിക്കില്ലെന്നതാണ് ഇതിന് കാരണം. ഇതുവരെ 1.31 ലക്ഷത്തിലേറെ കോവിഡ് ടെസ്റ്റുകള്‍ മാത്രമാണ് ഇന്ത്യ നടത്തിയിട്ടുള്ളത്. രാജ്യത്തെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ കുറവാണ്. ഐ. സി. എം. ആര്‍ കണക്കുകള്‍ പ്രകാരം 24 മണിക്കൂറില്‍ 13345 ടെസ്റ്റുകളാണ് ഇന്ത്യയില്‍ നടന്നിട്ടുള്ളത്. ഇത് 40000 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്.