കോവിഡ് കേന്ദ്രങ്ങളായി മധ്യപ്രദേശും ഗുജറാത്തും

അഹമ്മദാബാദില്‍ കോവിഡ് സ്ഥിരീകരിച്ചയാളെ ക്വാറന്റൈനിലാക്കി മടങ്ങുന്ന മെഡിക്കല്‍ സംഘം

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗികളുള്ള മഹാരാഷ്ട്രക്കു പിന്നാലെ കോവിഡ് കേന്ദ്രങ്ങളായി മധ്യപ്രദേശും ഗുജറാത്തും മാറുന്നു.
രോഗബാധിതരുടെ എണ്ണം മധ്യപ്രദേശില്‍ 1310ആയും ഗുജറാത്തില്‍ 1272 ആയും ഉയര്‍ന്നു. മധ്യപ്രദേശില്‍ 146 പുതിയ കേസുകള്‍ അടക്കം ആകെ രോഗബാധിതര്‍ 1355 ആണ്. 69 പേര്‍ കോവിഡ് രോഗമുക്തി നേടിയപ്പോള്‍ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 69 ആയി. ഇന്‍ഡോര്‍ 842, ഭോപ്പാല്‍ 197 എന്നിങ്ങനെയാണ് മധ്യപ്രദേശിലെ രോഗ ബാധിതരുടെ കണക്ക്. സംസ്ഥാനത്തെ 408 പ്രദേശങ്ങള്‍ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം 78 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഗുജറാത്തില്‍ ആകെ കേസുകള്‍ 1272 ആയി ഉയര്‍ന്നു. ഇന്നലെ 12 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 53 ആയി ഉയര്‍ന്നു.
അഞ്ചു പേര്‍ അഹമ്മദാബാദിലും ഒരാള്‍ വഡോദരയിലും രണ്ട്‌പേര്‍ സൂറത്തിലും, ആനന്ദ്, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലു മാണ് മരണം സ്ഥി രീ ക രി ച്ച തെ ന്ന് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവി അറിയിച്ചു. അഹമ്മദാബാദില്‍ ഇതുവരെ 25 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വഡോദരയില്‍ ഏഴും സൂറത്തില്‍ ആറും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേ സമയം 67 പുതിയ കേസുകള്‍ അടക്കം ഡല്‍ഹിയില്‍ 1707 രോഗബാധിതരും 42 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡല്‍ഹിയില്‍ നിയന്ത്രിത മേഖലകളുടെ എണ്ണം 76 ആക്കി. ഷാഹീന്‍ ബാഗ് അടക്കമുള്ള ആറു പ്രദേശങ്ങള്‍ കൂടി കഴിഞ്ഞ ദിവസം നിയന്ത്രിത മേഖലയാക്കിയിരുന്നു. രാജസ്ഥാനിലും കോവിഡ് മരണ സംഖ്യ ഉയര്‍ന്നു. സംസ്ഥാത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 11 ആയി. 1229പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 98 കേസുകളും രണ്ടു മരണവുമാണ് രാജസ്ഥാനില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.
അതേ സമയം രാജ്യത്തെ കോവിഡ് ഹോട്ട്‌സ്‌പോട്ടായ മഹാരാഷ്ട്രയില്‍ സ്ഥിതി ദയനീയമായി തുടരുകയാണ്. പുതുതായി 118 കേസുകള്‍ കൂടി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 3323 ആയി. ഏഴു മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാനത്ത് ഇതുവരെ 201 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെയുള്ള 3323 കേസുകളില്‍ 2058 കേസുകളും മുംബൈയിലാണ്. 122 മരണങ്ങളും മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 37 പൊലീസുകാര്‍ക്കും മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചിട്ടുണ്ട്.
49 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ 1372 ആയി. 15പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.