കോവിഡ്: നാലു ദിവസം കൊണ്ട് വ്യാപിച്ചത് 80 ജില്ലകളിലേക്ക്‌

28
മധ്യപ്രദേശിലെ ഇന്‍ഡോര്‍ എം.ആര്‍.ടി.വി ആശുപത്രിയില്‍ നിന്നും കോവിഡ് ഭേദമായി പുറത്ത് പോകുന്ന ഏഴു പേരെ ആശുപത്രി അധികൃതര്‍ കയ്യടികളോടെ യാത്രയാക്കുന്നു

രാജ്യത്തെ 50 ശതമാനം പ്രദേശങ്ങളും രോഗത്തിന്റെ പിടിയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 കേസുകള്‍ ദിനേന പെരുകുന്നു. ഇതുവരെ 8536 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയും ഡല്‍ഹിയുമാണ് രോഗികളുടെ എണ്ണത്തി ല്‍ മുന്നില്‍. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ 21 ദിവസത്തെ ലോക്ക്ഡൗണ്‍ നീട്ടാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു.
അടുത്ത മൂന്ന് നാല് ആഴ്കള്‍ കോവിഡ് വ്യാപനം തടയുന്നതില്‍ അതി നിര്‍ണായകമായേക്കുമെന്നാണ് ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ നാലു ദിവസം കൊണ്ട് കോവിഡ് രാജ്യത്തെ 80 ജില്ലകളിലേക്കു കൂടി പടര്‍ന്നത് ആശങ്കക്ക് വഴി വെക്കുന്നുണ്ട്. ഇതോടെ 364 ജില്ലകളിലാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രാജ്യത്തെ പകുതിയോളം പ്രദേശങ്ങളിലും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധിക്കുന്ന സാമ്പിളുകളുടെ 4.3 ശമതാനവും പോസിറ്റീവാണ്. നിലവില്‍ 15000 സാമ്പിളുകളാണ് പ്രതിദിനം പരിശോധിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് ഏറ്റവും മുന്നില്‍ 1895 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധിച്ചത്. ഡല്‍ഹിയില്‍ 1069 പേര്‍ക്കും തമിഴ്നാട്ടില്‍ 1075 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. എട്ടു ഡോക്ടര്‍മാര്‍ക്കും അഞ്ചു നേഴ്സുമാര്‍ക്കുമുള്‍പ്പെടെ ഇന്നലെ 106 പേര്‍ക്കാണ് തമിഴ്നാട്ടില്‍ പുതുതായികോവിഡ് സ്ഥിരീകരിച്ചത്. രാജസ്ഥാന്‍ 700, മധ്യപ്രദേശ് 532, തെലങ്കാന 504, യു.പി 452 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ രോഗികളുടെ കണക്ക്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിച്ചത്.
ഇതുവരെ 127 പേരാണ് സംസ്ഥാനത്ത് മരിച്ചത്. മധ്യപ്രദേശില്‍ 36 പേരും ഗുജറാത്തില്‍ 22 പേരും ഡല്‍ഹിയില്‍ 19 പേരുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. പഞ്ചാബിലും തമിഴ്നാട്ടിലും 11 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ആറും പശ്ചിമ ബംഗാളില്‍ അഞ്ചു പേരും കോവിഡിന് കീഴടങ്ങിയിട്ടുണ്ട്. യു.പി, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ നാലും കേരളം, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ മൂന്നു പേരും കോവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്.