കോവിഡ്: മൃതദേഹം സംസ്‌കരിക്കാന്‍ സമ്മതിക്കാതെ നാട്ടുകാര്‍

61
ഡോക്ടര്‍ സൈമണിന്റെ മൃതദേഹം സംസ്‌കരിക്കാനായി ശ്മശാനത്തിലേക്ക് കൊണ്ടു വരുന്നു

ചെന്നൈ: കോവിഡ്-19 ബാധിച്ചു മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാതെ നാട്ടുകാര്‍. കല്ലുകളും വടികളുമായി നാട്ടുകാര്‍ ശ്മശാനത്തിനു സമീപത്തു തടിച്ചുകൂടി. ചെന്നൈയിലെ വേലങ്കാട് ശ്മശാനത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.
പിന്നീട് പൊലീസ് സംരക്ഷണത്തില്‍ അതേ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. ഞായറാഴ്ച രാത്രിയാണ് നഗരത്തിലെ പ്രമുഖ ന്യൂറോസര്‍ജനും സ്വകാര്യ ആശുപത്രി ചെയര്‍മാനുമായ അമ്പത്തഞ്ചുകാരന്‍ സൈമണ്‍ മരിച്ചത്. തുടര്‍ന്ന് അര്‍ധരാത്രിയോടെ മൃതദേഹം വേലങ്കാട് ശ്മശാനത്തിലേക്ക് ആംബുലന്‍സില്‍ എത്തിച്ചു.
മൃതദേഹം സംസ്‌കരിക്കുന്നതിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണുമാറ്റി തുടങ്ങിയതോടെ ആളുകള്‍ എത്താന്‍ തുടങ്ങി. തുടര്‍ന്ന് ആളുകള്‍ കല്ലെറിയാന്‍ തുടങ്ങുകയുമായിരുന്നു. തനിക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും കല്ലേറില്‍ പരിക്കേറ്റതായി ആശുപത്രി ജീവനക്കാരനായ ആനന്ദ് എന്നയാള്‍ പറഞ്ഞു. കല്ലേറില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നു.
തുടര്‍ന്ന് മൃതദേഹവുമായി ആംബുലന്‍സ് ശ്മശാനത്തില്‍നിന്ന് മടങ്ങിപ്പോയി. പിന്നീട് ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തി, കനത്ത പോലീസ് സുരക്ഷയില്‍ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ഡോക്ടറുടെ മൃതദേഹം ആദ്യം കീഴ്പ്പാക്കത്തെ ശ്മശാനത്തിലാണ് എത്തിച്ചതെന്നും എന്നാല്‍ അവിടെയും നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിച്ചേര്‍ന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാഴ്ച മുമ്പ് അമ്പത്തൂരിലും സമാനമായ സംഭവമുണ്ടായിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശിയും 56കാരനുമായ ഡോക്ടറുടെ മൃതദേഹം സംസ്‌കരിക്കാനെത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.