കോവിഡ് വ്യാപനം: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുസ്‌ലിംലീഗ്- പ്രവാസികള്‍ക്കും കരുതല്‍ വേണം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ലോകമാകെ ആശങ്കസൃഷ്ടിക്കുമ്പോള്‍ ഭീതിയുടെ നെരിപ്പോടിനുള്ളില്‍ ലക്ഷക്കണക്കിന് പ്രവാസികളും. ഉപജീവനത്തിനായി അന്യദേശങ്ങളില്‍ തൊഴില്‍തേടിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരാണ് വിദേശരാജ്യങ്ങളില്‍ ആശങ്കയോടെ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ഇവരുടെ കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ തേടി മുസ് ലിം ലീഗ് കേന്ദ്ര സര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരിനെയും സമീപിച്ചു.
സഊദി അറേബ്യയും യു.എ.ഇയും കുവൈറ്റും ഖത്തറും ഒമാനും ഉള്‍പ്പെടുന്ന ഗള്‍ഫ് രാഷ്ട്രങ്ങളിലാണ് സ്ഥിതി ഗുരുതരം. കോവിഡ് വ്യാപനം തടയുന്നതിനായി ഏതാണ്ടെല്ലാ ലോകരാജ്യങ്ങളും സമ്പൂര്‍ണ അടച്ചിടലുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചതോടെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നതും പ്രവാസികളാണ്. കോവിഡ് വ്യാപനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ചൈനയില്‍നിന്നും ഇറ്റലിയില്‍നിന്നും ഇറാനില്‍നിന്നും ഒട്ടേറെ ഇന്ത്യക്കാരെ ചാര്‍ട്ടേഡ് വിമാനങ്ങളിലും മറ്റുമായി തിരിച്ചെത്തിരുന്നു. എന്നാല്‍ കൂടുതല്‍ രാജ്യങ്ങളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇത്തരം രക്ഷാദൗത്യങ്ങള്‍ നിലച്ചിരിക്കുകയാണ്. ഗള്‍ഫ് മേഖലയില്‍ കഴിയുന്ന പ്രവാസികളുടെ വാക്കുകളില്‍ ഭീതിയുണ്ട്. ഗള്‍ഫ് പ്രവസികളില്‍ വലിയൊരളവും അവിദഗ്ധ തൊഴിലാളികളാണ്. കോവിഡ് ഭീഷണിയെതുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ പലരും തൊഴിലില്ലാത്ത അവസ്ഥയിലാണ്. നിയന്ത്രണങ്ങള്‍ എത്രകാലം നീളുമെന്ന ആശങ്കയുമുണ്ട്.
യു.എസും യു.കെയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സ്ഥിതിയും പ്രവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്. കോവിഡ് വ്യാപനം ശക്തമായ ഇവിടങ്ങളില്‍ ചികിത്സയും പരിചരണവും ലഭിക്കുന്നതില്‍ പ്രവാസികള്‍ കടുത്ത വിവേചനം നേരിടുന്നതായാണ് റിപ്പോര്‍ട്ട്. സ്വന്തം പൗരന്മാര്‍ക്ക് പ്രഥമപരിഗണന നല്‍കുന്നതാണിതിന് കാരണം. യൂറോപ്പില്‍ പാരമ്യതയിലെത്തിയ കോവിഡ് വ്യാപനം വീണ്ടും ഏഷ്യയില്‍ പിടിമുറുക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഗള്‍ഫ് രാഷ്ട്രങ്ങളിലും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍്ട്ട ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മറ്റു രാഷ്ട്രങ്ങളുടെ മാതൃകയില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ വഴി സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യയും തയ്യാറാവണമെന്ന ആവശ്യം ശക്തമാണ്. നിശ്ചിത കാലയളവില്‍ സര്‍ക്കാര്‍ സജ്ജമാക്കുന്ന ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ച് രോഗമില്ലെന്ന് ഉറപ്പു വരുത്തിയശേഷം വീടുകളിലേക്ക് മടങ്ങാന്‍ കഴിയുന്ന രീതിയിലുള്ള രക്ഷാദൗത്യങ്ങള്‍ ആവിഷ്‌കരിച്ച് പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുസ്്‌ലിംലീഗ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ് ജെയ്ശങ്കര്‍ എന്നിവര്‍ക്കും വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ക്കും കത്തയച്ചിരുന്നു. പ്രവാസികള്‍ ദുരന്തമുഖത്താണ് ഉള്ളതെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വിവിധ കെ.എം.സി.സികളും ഇതേ ആവശ്യവുമായി രംഗത്തുണ്ട്.