ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തെതുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ രാഷ്ട്രപതി തൊട്ട് എം.പിമാര്‍ വരേയുള്ളവരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി വാര്‍ത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
സാമൂഹ്യ ഉത്തരവാദിത്തം കണക്കിലെടുത്താണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, സംസ്ഥാന ഗവര്‍ണര്‍മാര്‍ എന്നിവരുടെ ശമ്പളം വെട്ടിക്കുറക്കുന്നത്. ഇതിന്റെ തോത് എത്രയെന്ന് ഇവര്‍ പിന്നീട് അറിയിക്കും. രാഷ്ട്രപതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കണ്‍സോളിഡേറ്റഡ് ഫണ്ടില്‍നിന്നാണ് ഇതിനു വേണ്ട തുക വിനിയോഗിക്കുന്നത്. 1954ലെ പാര്‍ലമെന്ററി ആക്ട് ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കിയാണ് എം.പിമാരുടെ ആനുകൂല്യത്തില്‍ കുറവ് വരുത്തുന്നത്. 2020 ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് എം.പിമാരുടെ ആനുകൂല്യത്തിലും പെന്‍ഷനിലും 30 ശതമാനം കുറവാണ് വരുത്തുന്നത്. ഇതിനു പുറമെ എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് തല്‍ക്കാലത്തേക്ക് നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്. 202021, 202122 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രാദേശിക വികസന ഫണ്ടുകളാണ് പൂര്‍ണമായി ഇല്ലാതാക്കിയത്. ഇതുവഴി ലാഭിക്കുന്ന 7,900 കോടി രൂപ കോണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിലേക്ക് പോകുമെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നേരിട്ടെത്തിയും മറ്റു മന്ത്രിമാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുമാണ് യോഗത്തില്‍ പങ്കെടുത്തത്. ഇന്നലെ കാലത്തും മന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയിരുന്നു.
രോഗവ്യാപനം ഉയര്‍ത്തുന്ന ഭീഷണി മറികടന്നാലും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടേണ്ടി വരികയെന്ന് വ്യക്തമാക്കുന്നതാണ് ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനുള്ള തീരുമാനം. ഉത്തര്‍പ്രേദശ് ഉള്‍പ്പെടെ വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ നേരത്തെ തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം 40 മുതല്‍ 70 ശതമാനം വരെ വെട്ടിക്കുറച്ചിരുന്നു. ഇതേ മാതൃകയില്‍ കേന്ദ്ര ജീവനക്കാരുടെ ശമ്പളവും വെട്ടിക്കുറക്കുമോ എന്ന ചോദ്യം ഇതോടെ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് ഇല്ലാതാവുന്നതോടെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വന്‍ തിരിച്ചടിയും രാജ്യം നേരിടേണ്ടിവരും.