കോവിഡ് സെന്റര്‍ തുടങ്ങി

39
കോവിഡ് സെന്ററായി പ്രവര്‍ത്തനം ആരംഭിച്ച കാസര്‍ക്കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് എംഎല്‍എ മാരായ എന്‍എ നെല്ലിക്കുന്നും എംസി ഖമറുദ്ധീനും ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു

കാസര്‍കോട്: കാസര്‍ക്കോടിനെ ഭീതിയിലാഴ്ത്തിയ കോവിഡിനെ നേരിടുന്നതിന് തിരുവനന്തപുരത്ത് നിന്നെത്തിയ 27അംഗ മെഡിക്കല്‍ സംഘത്തിന് ആവേശകരമായ വരവേല്‍പ്പ്. ഉക്കിനടുക്കയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്കില്‍ കോവിഡ് സെന്റര്‍ തിങ്കളാഴ്ച രാവിലെ പ്രവര്‍ത്തനമാരംഭിച്ചു. യുദ്ധകാലാടിസ്ഥാനത്തിലാണ് കോവിഡ് സെന്റര്‍ ഒരുക്കിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘം ഇന്നലെ  രാവിലെയാണ് ഉക്കിനടുക്കയില്‍ എത്തിയത്. തുടര്‍ന്ന് ആസ്പത്രി സജ്ജീകരണങ്ങള്‍ ഒരുക്കുകയായിരുന്നു. വാര്‍ഡ്, ഐ.സി.യു, ലാബ് തുടങ്ങിയ സജീകരണങ്ങള്‍ ഉച്ചയോടെ പൂര്‍ത്തിയായി. ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ  യാത്രയയച്ച സംഘം രാത്രി 12.30ഓടെയാണ് കാസര്‍കോട്ടെത്തിയത്.
സി.ടി സ്‌കാന്‍, എക്സറേ, ഇ.സി.ജി മെഷീന്‍, ലാബ് തുടങ്ങിയ സൗകര്യങ്ങള്‍ ആസ്പത്രിയില്‍ ഒരുക്കിയിട്ടുണ്ട്. വൈദ്യുതി ബോര്‍ഡ് നല്‍കിയ 10 കോടിയടക്കം 17കോടിയോളം രൂപയുടെ ഉപകരണങ്ങളില്‍ മിക്കതും എത്തിക്കഴിഞ്ഞു. 200ഓളം കിടക്കകളാണ് ആസ്പത്രിയില്‍ ഒരുക്കിയിട്ടുള്ളത്.  കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചവരെ ഇവിടെക്ക് മാറ്റിതുടങ്ങും. മെഡിക്കല്‍ ടീം രണ്ടാഴ്ച ജോലിയില്‍ തുടരും. തുടര്‍ന്ന് ഇവര്‍ ക്വാറന്റൈനില്‍ പോവുകയും പകരം പുതിയ ടീമിനെ അയക്കുകയും ചെയ്യും. 27 അംഗ മെഡിക്കല്‍ സംഘത്തില്‍ പുത്തിഗെ കട്ടത്തടുക്ക സ്വദേശി ഡോ. മുഹമ്മദ് ഷമീമുമുണ്ട്.
ഡോ. നരേഷ്‌കുമാര്‍, ഡോ.രാജു രാജന്‍, ഡോ. മുരളി, ഡോ. ജോസ്പോള്‍ കുന്നില്‍, ഡോ.സജീഷ്, ഡോ. പ്രവീണ്‍, ഡോ. കമല, ഡോ. എബി, ഡോ. മൃതുല്‍ ഗണേശ്, സ്റ്റാഫ് നഴ്സുമാരായ ജോസഫ് ജെന്നിംഗ്സ്, എസ്.കെ. അരവിന്ദ്, പ്രവീണ്‍കുമാര്‍, അനീഷ്രാജ്, വിഷ്ണുപ്രകാശ്, എസ്.റാഷിന്‍, എം.എസ്. നവീന്‍, റിതുഗാമി, ജെഫിന്‍ പി. തങ്കച്ചന്‍, ഡി. ശരവണന്‍, നഴ്സിംഗ് അസിസ്റ്റന്റുമാരായ ആര്‍.എസ്. ഷാബു, കെ.കെ. ഹരികൃഷ്ണന്‍, എസ്. അതുല്‍ മനാഫ്, സി. ജയകുമാര്‍, എം.എസ്. സന്തോഷ്‌കുമാര്‍ എന്നിവരാണ് മെഡിക്കല്‍ സംഘത്തിലുള്ളത്.