കോവിഡ്: 1000 കവിഞ്ഞ് ആറു സംസ്ഥാനങ്ങള്‍

20
ഇന്‍ഡോറിലെ മനോരമ രാജെ ടി.ബി ആശുപത്രിയില്‍ നിന്നും കോവിഡ് മുക്തരായി പുറത്തു വരുന്നവര്‍

മഹാരാഷ്ട്രയില്‍ 3205 പേര്‍ക്ക് കോവിഡ്‌

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ആറു സംസ്ഥാനങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. ഇതില്‍ 3205 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയാണ് ഏറ്റവും മുന്നില്‍. 1640 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. തമിഴ്നാട് 1323, രാജസ്ഥാന്‍ 1131, മധ്യപ്രദേശ് 1310, ഗുജറാത്ത് 1021 എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് ബാധിതര്‍ ആയിരം പിന്നിട്ടത്.

ഡല്‍ഹിയില്‍ കേസുകള്‍ ഉയരുന്നു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ മാത്രം 62 പുതിയ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച് ആറു മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1640 ആയി വര്‍ധിച്ചു. 38 മരണങ്ങളാണ് ഡല്‍ഹിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 51 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്.
മുംബൈയില്‍ മലയാളി നഴ്‌സുമാര്‍ക്ക് കൂട്ടരോഗം
മുംബൈ: മുംബൈയില്‍ മലയാളി നഴ്‌സുമാര്‍ക്ക് വീണ്ടും കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. വോക്കാര്‍ഡ് ആശുപത്രിയിലെ 12 മലയാളി നഴ്‌സുമാര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
12 മലയാളി നഴ്‌സുമാരടക്കം 15 നഴ്‌സുമാര്‍ക്കും ഒരു ഡോക്ടര്‍ക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ 50 മലയാളി നഴ്‌സുമാര്‍ക്ക് ഇതേ ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രി മുഴുവന്‍ നിലവില്‍ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്.
ഇവിടെ നിന്ന് പുറത്തേക്കോ അകത്തേക്കോ ആരെയും കടത്തിവിടുന്നില്ല. അതേ സമയം ഇന്നലെ 77 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മുംബൈയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2120 ആയി ഉയര്‍ന്നു.
അഞ്ചു മരണവും മുംബൈയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ മാത്രം 121 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേ സമയം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 3205 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 2711 ആക്ടീവ് കേസുകളാണ്. 300 പേര്‍ കോവിഡ് ഭേദമായി ആശുപത്രി വിട്ടപ്പോള്‍ 194 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധമൂലം മരിച്ചത്.

ധാരാവിയില്‍ കോവിഡ് ബാധിതര്‍ 101
മുംബൈ: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 100 കവിഞ്ഞു. 101 പേര്‍ക്കാണ് ധാരാവിയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
10 പേരാണ് ഇവിടെ വൈറസ് ബാധ മൂലം മരിച്ചത്. പത്തു ലക്ഷം ആളുകളാണ് ഇവിടെ താമസിക്കുന്നത്. പത്തു ലക്ഷം പേര്‍ക്ക് 2374 ടെസ്റ്റുകള്‍ എന്ന തോതിലാണ് ചേരിയില്‍ പരിശോധന നടത്തിയിരിക്കുന്നത്.