കോവിഡ് 19 സ്ഥിരീകരിച്ച പിഞ്ചു കുഞ്ഞ് മരിച്ചു

7
കോവിഡ്19 സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച മഞ്ചേരി പയ്യനാട് സ്വദേശികളായ ദമ്പതികളുടെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഡബ്ല്യു.എച്ച്.ഒ പ്രോട്ടോകോള്‍ പ്രകാരമുള്ളസുരക്ഷാ ക്രമീകരണങ്ങളോടെ മറവു ചെയ്യുന്നതിന് മുമ്പ് പിതാവ് ജനാസ നമസ്‌കാരം നിര്‍വഹിക്കുന്നു

കോഴിക്കോട്: ചികിത്സക്കിടെ കോവിഡ് സ്ഥിരീകരിച്ച നാലു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന മഞ്ചേരി പയ്യനാട് സ്വദേശിയായ പിഞ്ഛു കുഞ്ഞാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ ആറരയോടെ മരണത്തിന് കീഴടങ്ങിയത്. ഹൃദ്രോഗവും വളര്‍ച്ചാ കുറവുമുള്‍പ്പടെ വിവിധ രോഗങ്ങളുള്ള കുട്ടി കഴിഞ്ഞ മൂന്ന് ആഴ്ചയായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
ഏപ്രില്‍ 17 ന് പയ്യനാടുള്ള വീട്ടില്‍വച്ച് ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ ഉച്ചയ്ക്ക് 12 മണിക്ക് മഞ്ചേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ പരിശോധന്ക്ക് വിധേയമാക്കി. ന്യുമോണിയ കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലേയ്ക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും മഞ്ചേരിയിലെ മറ്റൊരു സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപസ്മാരമുണ്ടായതിനെ തുടര്‍ന്ന് 21 ന് പുലര്‍ച്ചെ 3.30 ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലേയ്ക്ക് മാറ്റി.
തുടര്‍ന്ന് വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. ഏപ്രില്‍ 22നാണ് കുഞ്ഞിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് കോവിഡ് വൈറസ് ബാധയേല്‍ക്കാനിടയായ സാഹചര്യം ഇനിയും കണ്ടെത്തിയിട്ടില്ല. മാര്‍ച്ച് ഒന്നിന് കുഞ്ഞിന്റെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത പയ്യനാട് സ്വദേശിയായ സ്ത്രീ മാര്‍ച്ച് ഏഴിന് ഹൃദയാഘാതം മൂലം മരിച്ചിരുന്നു. കുഞ്ഞിന്റെ ബന്ധു വിദേശത്തു നിന്നെത്തി കോവിഡ് മുക്തി നേടിയതായും വിവരമുണ്ട്. കുഞ്ഞിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ക്വാറന്റൈനിലാണ്.