കോവിഡ്: 40 കോടി ഇന്ത്യക്കാരെ ദാരിദ്ര്യത്തിലാക്കിയേക്കുമെന്ന് യു.എന്‍

ലോക്ക്ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് തെരുവില്‍ കഴിയുന്ന കുടുംബം റോഡരുകില്‍ ഭക്ഷണം പാചകം ചെയ്യുന്നു. ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള ചിത്രം

യുണൈറ്റഡ് നേഷന്‍സ്: കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മൂലം ഇന്ത്യയിലെ 40 കോടി ജനങ്ങള്‍ ദാരിദ്ര്യാവസ്ഥയിലേക്ക് പോയേക്കാമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്.
അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അതിഭീകരമായ പ്രതിസന്ധി നേരിടുന്നത്. കോവിഡ്-19 ആഗോള സമ്പദ് വ്യവസ്ഥയില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് ഇന്റര്‍നാഷണല്‍ ലേബര്‍ അസോസിയേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ലോകരാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പുള്ളത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ പ്രതിസന്ധി എന്നാണ് കോവിഡ് വ്യാപനത്തേയും അനന്തരഫലങ്ങളെയും റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്.
അഞ്ചില്‍ നാല് എന്ന തോതില്‍ ആളുകള്‍ ലോകത്താകമാനം തൊഴില്‍ പ്രതിസന്ധി നേരിടുന്നു. വികസിത രാജ്യങ്ങളിലേയും വികസ്വര രാജ്യങ്ങളിലും ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. വളരെ കാര്യക്ഷമവും ദ്രുതഗതിയിലുമുള്ള നടപടികളിലൂടെ മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാന്‍ ആഗോളസമ്പദ് വ്യവസ്ഥയ്ക്ക് സാധിക്കുകയുള്ളൂവെന്ന് യു.എന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ ആകെയുള്ള തൊഴിലാളികളില്‍ 90 ശതമാനവും അസംഘടിത മേഖലയിലുള്ളവരാണ്. നിലവിലെ സാമ്പത്തി പ്രതിസന്ധി അതിരൂക്ഷമായി ബാധിക്കുന്നതും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന 40 കോടി തൊഴിലാളികളെയാവും. ഇവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോവാനുള്ള സാധ്യത കൂടുതലാണ്. നടപ്പു വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മാത്രം ആഗോളതലത്തില്‍ ആകെ തൊഴില്‍ സമയത്തിന്റെ ഏഴ് ശതമാനത്തോളമാണ് ഈ പ്രതിസന്ധിയിലൂടെ നഷ്ടമാവുന്നത്. അതായത് 195 മില്ല്യണ്‍ തൊഴിലുകള്‍ താല്‍ക്കാലികമായി നഷ്ടമായിരിക്കുന്നു. കോവിഡ് പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നടപടികള്‍, നിലപാടുകള്‍, സാമ്പത്തിക പോളിസികള്‍, എന്നിവ വരുംകാലത്തേയും ബാധിക്കും. തൊഴിലാളികളേയും വ്യവസായ മേഖലയെയും അത് നേരിട്ട് ബാധിക്കും എന്നതിനാല്‍ ഭാവിയെക്കൂടി കരുതിക്കൊണ്ടുള്ളതായിരിക്കണം ഇപ്പോള്‍ കൈക്കൊള്ളുന്ന നടപടികള്‍.
അല്ലാത്തപക്ഷം നിലവിലെ പ്രതിസന്ധിയിലുണ്ടാവുന്ന പ്രശ്‌നങ്ങളെ മറികടക്കാനോ പരിമിതപ്പെടുത്താനോ രാഷ്ട്രങ്ങള്‍ക്ക് സാധിക്കില്ല. ഇന്ത്യക്കു പുറമെ നൈജീരിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും അസംഘടിത മേഖലയില്‍ തൊഴില്‍ നഷ്ടമുണ്ടാകുന്ന തൊഴിലാളികളുടെ എണ്ണം വളരെ കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.