ഗള്‍ഫില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്തിച്ചു, അതേ വിമാനത്തില്‍ പച്ചക്കറികള്‍ കയറ്റിഅയച്ചു

69

ഗള്‍ഫില്‍ വിവിധ രോഗങ്ങള്‍ മൂലവും മറ്റും മരിച്ച ആറ് പേരുടെ മൃതദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഇന്നലെ  വീടുകളിലെത്തിച്ചു. ഗള്‍ഫില്‍ ഉപയോഗിക്കുന്നതിനു വേണ്ടി കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ കൊണ്ടുപോകുന്നതിനായി ബഹ്‌റൈനില്‍ നിന്നുമെത്തിയ ഗള്‍ഫ് എയര്‍ വിമാനത്തില്‍ തിരുച്ചിറപ്പിള്ളി സ്വദേശി രാജന്‍ രാമന്‍, കൊയിലാണ്ടി സ്വദേശി രഘുനാഥ് എന്നിവരുടെ മൃതദേഹവും ദുബൈയില്‍ നിന്നെത്തിയ എമിറേറ്റ്‌സ് വിമാനത്തില്‍ മലപ്പുറം സ്വദേശി അബ്ദുള്‍ റസാഖ്, ഇരിങ്ങാലക്കുട സ്വദേശി തോമസ് വര്‍ഗീസ്, കൊല്ലം സ്വദേശികളായ വിഷ്ണു രാജ്, മനു എബ്രഹാം എന്നിവരുടെ മൃതദേഹമാണെത്തിയത്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നടപടികളെ തുടര്‍ന്നും യാത്രാ വിമാനങ്ങള്‍ റദ്ദാക്കിയതു മൂലവും ഗള്‍ഫില്‍ മരിക്കുന്നവരുടെ മൃതദേഹം യഥാസമയം നാട്ടിലെത്തിക്കാന്‍ കഴിയുന്നില്ല. കേരളത്തില്‍ നിന്നും പച്ചക്കറികള്‍ കൊണ്ടുപോകുന്നതിനായി എത്തുന്ന വിമാനങ്ങളിലാണ് ഇത്തരത്തില്‍ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവരുന്നത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 97 ടണ്‍ പച്ചക്കറിയാണ് കയറ്റുമതി ചെയ്തത് . ബുധനാഴ്ച വൈകിട്ട് 4 ന് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹറൈനിലേക്ക് 30 ടണ്ണും  വൈകിട്ട് 7.30 ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനത്തില്‍ 50 ടണ്ണും രാത്രി 12.30ന് സ്‌പൈസ് ജെറ്റ് വിമാനത്തില്‍ അബുദാബിയിലേക്ക് 17 ടണ്ണും പച്ചക്കറി കയറ്റുമതി ചെയ്തു . കോവിഡ് 19 ഭീതിയെ തുടര്‍ന്ന് ശക്തമായ സുരക്ഷ ക്രമീകരണങ്ങള്‍ നടത്തിയ ശേഷമാണ് മൃതദേഹങ്ങള്‍ സ്വീകരിക്കുകയും പച്ചക്കറികള്‍ കയറ്റുമതി ചെയ്യുകയും ചെയ്തത്.