ന്യൂഡല്‍ഹി: ഇന്ത്യ ആവശ്യപ്പെട്ടതുപ്രകാരം ചൈനയില്‍ നിന്ന് അയച്ച കോവിഡ് പരിശോധനാ കിറ്റുകള്‍ എത്തി. അഞ്ചര ലക്ഷം ആന്റി ബോഡി ടെസ്റ്റിങ് കിറ്റുകളും, ഒരു ലക്ഷം ആര്.എന്‍.എ എക്സ്ട്രാക്ഷന്‍ കിറ്റുകളും ഉള്‍പ്പെടെ 6.5 ലക്ഷം പരിശോധന കിറ്റുകളാണ് ചൈന ഇന്ത്യയിലേക്കയച്ചത്.
15 ലക്ഷം ദ്രുതപരിശോധന കിറ്റിനുള്ള കരാര്‍ ചൈനയുമായി ഉണ്ടാക്കിയെങ്കിലും കിട്ടാന്‍ വൈകുകയായിരുന്നു. ദേശീയ മലേറിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ച കിറ്റുകള്‍ ഇന്നലെ മുതല്‍ തന്നെ സംസ്ഥാനങ്ങള്‍ക്ക് അയച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം, ബീജിങിലെ ഇന്ത്യന്‍ അംബാസിഡര്‍ എന്നിവരുടെ ഇടപെടലിലൂടെയാണ് കിറ്റുകള്‍ ഉപ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ രാജ്യത്തേക്കെത്തിക്കാന്‍ നടപടിയുണ്ടായത്.
മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് സുഗമമാക്കുന്നതും മരുന്ന് ഉല്‍പ്പാദന-വിതരണ ശൃംഖല തുറന്നിടുന്നതും ചൈനയുമായുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുന്നതിനുള്ള അനുകൂല സൂചനയാണെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ പറഞ്ഞു.
അടുത്ത 15 ദിവസത്തിനുള്ളില്‍ രണ്ട് മില്യണ്‍ കിറ്റുകള്‍ കൂടി ചൈനയില്‍ നിന്ന് എത്തുമെന്ന് അദ്ദേഹം അറിയിച്ചു. ദ്രുത പരിശോധന എത്രയും പെട്ടെന്ന് തുടങ്ങണമെന്ന് ഐ.സി.എം.ആര് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദ്രുത പരിശോധനയിലൂടെ മാത്രമേ രോഗ വ്യാപനത്തിന്റെ തോത് കൃത്യസമയത്ത് മനസിലാക്കാനാകൂ എന്നാണ് ഐ.സി.എം.ആര് വ്യക്തമാക്കുന്നത്.
രാജ്യത്ത് കോവിഡിന്റെ സമൂഹ വ്യാപനമില്ല എന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോള്‍ അത് പൂര്‍ണമായി ഐ.സി.എം.ആര് അംഗീകരിക്കുന്നില്ല. ദിവസേന ആയിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്.
ദ്രുത പരിശോധന നടത്തിയെങ്കില്‍ മാത്രമേ കൂടുതല്‍ ഗുരുതരമായ അവസ്ഥകളിലേക്ക് കാര്യങ്ങളെത്താതെ പിടിച്ച് നിര്‍ത്താനാകൂവെന്നതാണ് ഐ. സി. എം. ആറിന്റെ നിലപാട്.
അതേ സമയം ചൈനയില്‍ നിന്നുള്ള പി.പി.ഇ കിറ്റുകള്‍ക്ക് നിലവാരമില്ലെന്ന ആരോപണത്തിന് പിന്നാലെ ഇന്ത്യക്ക് സംഭാവന ചെയ്ത 50,000 ത്തോളം പി.പി.ഇ കിറ്റുകള്‍ ഉപയോഗ ശൂന്യമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്.
ഈ കിറ്റുകള്‍ ഇന്ത്യ സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവാരമുള്ള കമ്പനികളുടെ സാധനങ്ങള്‍ മാത്രമേ രാജ്യങ്ങള്‍ ഓര്‍ഡര്‍ ചെയ്യാവൂ എന്ന് നേരത്തെ ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പി.പി.ഇ കിറ്റ് നിര്‍മാതാക്കള്‍ ചൈനയാണ്.