ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ ഭയക്കുകയാണെന്ന ആരോപണം ഒഴിവാക്കാന്‍ നിറുത്തിവെച്ച വാര്‍ത്താസമ്മേളനം എല്ലാ ദിവസവും പുനരാരംഭിക്കുന്നു. പ്രതിദിന വാര്‍ത്താസമ്മേളനം ആഴ്ചയില്‍ ഒന്നാക്കുകയും പിന്നീട് ഒന്നിടവിട്ട ദിവസങ്ങളിലായി ക്രമീകരിക്കുകയും ചെയ്യുകയായായിരുന്നു. എന്നാല്‍ വ്യാപകമായ ആക്ഷേപങ്ങള്‍ എല്ലാ കോണില്‍ നിന്നും ഉയര്‍ന്നതിനെ തുടര്‍ന്നാണ് എല്ലാദിവസവും വാര്‍ത്താ സമ്മേളനം പുനരാരംഭിക്കുന്നത്.
വാര്‍ത്താസമ്മേളനം നിര്‍ത്തിയതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് നിരവധി കോളുകളാണ് വിദേശത്തുനിന്ന് വരുന്നതെന്നും അതുകൊണ്ട് വാര്‍ത്താസമ്മേളനം തുടരാനാണ് തീരുമാനമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വിശദീകരിച്ചത്. വാര്‍ത്താസമ്മേളനത്തി അതത് ദിവസങ്ങളിലെ പ്രധാന സംഭവങ്ങളാണ് എടുത്ത് പറഞ്ഞിരുന്നത്. പ്രതിപക്ഷം ആരോപിച്ചതുപോലെ പൊങ്ങച്ചം പറയാനായി വാര്‍ത്താസമ്മേളനം ഉപയോഗപ്പെടുത്തിയിരുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ഡൗണ്‍ അവസാനിക്കുന്ന മേയ് മൂന്നുവരെ എല്ലാദിവസവും വാര്‍ത്താസമ്മേളനം തുടരുമെന്നും പിണറായി വിജയന്‍ അറിയിച്ചു.
ഏറ്റവും ഒടുവില്‍ വാര്‍ത്താസമ്മേളനം നടന്നത് വ്യാഴാഴ്ചയാണ്. അന്നാണ് പ്രതിദിന വാര്‍ത്താസമ്മേളനം ഒഴിവാക്കുന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചത്. സ്പ്രിംഗ്ലര്‍ ഡാറ്റാ ഇടപാടില്‍ സംസ്ഥാന സര്‍ക്കാറിനും മുഖ്യമന്ത്രിക്കും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയായിരുന്നു വാര്‍ത്താ സമ്മേളനം പൊടുന്നനെ നിര്‍ത്തിവെച്ചത്. ഇത് ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടാനാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം വീണ്ടും മാറ്റിയത്. ഒന്നിടവിട്ട ദിവസങ്ങളിലെ വാര്‍ത്താസമ്മേളനം ഉണ്ടാകൂ എന്നു കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഈ തീരുമാനമാണ് ഇന്നലെ മാറ്റിയത്.
സ്പ്രിംഗ്ലര്‍ എന്ന അമേരിക്കന്‍ സ്വകാര്യ കമ്പനിക്ക് മലയാളികളുടെ ആരോഗ്യ വിവരങ്ങള്‍ ചോര്‍ത്താനുള്ള സൗകര്യം ഒരുക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് വാര്‍ത്താസമ്മേളനം ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതെന്നായിരുന്നു ആദ്യം ഉയര്‍ന്ന ആരോപണം. കെ.എം ഷാജിയുമായി ബന്ധപ്പെട്ടതുള്‍പ്പെടെ തനിക്കിഷ്ടമല്ലാത്ത ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിക്കുമ്പോള്‍ തികഞ്ഞ അസഹിഷ്ണുതയാണ് പിണറായി പ്രകടിപ്പിക്കുന്നതെന്ന് ആരോപണമുണ്ടായി.
ഇന്നലെ സ്പ്രിംഗ്ലറിനെ കുറിച്ചും കെ.എം ഷാജിയെ കുറിച്ചും ചോദ്യം ഉയര്‍ന്നപ്പോഴും ഇതേ നിലപാടാണ് അദ്ദേഹം പ്രകടിപ്പിച്ചത്. തനിക്ക് മറ്റു പ്രധാന കാര്യങ്ങളുളളതിനാല്‍ ഇതിനൊന്നും മറുപടി പറയാനാവില്ലെന്നാണ് പറഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ചത്തെ പത്രസമ്മേളനത്തില്‍, മന്ത്രിസഭ അറിയാതെ ഒരു വിദേശ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടത് റൂള്‍സ് ഓഫ് ബിസിനസ്സിന്റെ ലംഘനമാണെന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ചോദ്യത്തിന് മറുപടി പറയാതെ, നാളെ മുതല്‍ ഇത്തരം കൂടിക്കാഴ്ച്ചകള്‍ ഉണ്ടാകില്ലെന്ന് പിണറായി അറിയിച്ചത്.
സ്പ്രിംഗ്ലര്‍ വിവര കൈമാറ്റ അഴിമതിയില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഈ ഇടപാടില്‍ പ്രതിപക്ഷം ഉയര്‍ത്തിയ പ്രശ്നങ്ങള്‍ ശരിവെച്ച് മുഖ്യമന്ത്രി കുറ്റസമ്മതം നടത്തിയെങ്കിലും ഇതേക്കുറിച്ച് കൂടുതല്‍ സംശയങ്ങള്‍ ഉയരുന്ന സാഹചര്യമാണ് നിലിവിലുള്ളത്.
ഇതിനിടെ വിവാദ കരാറുണ്ടാക്കിയ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറിന് വന്‍കിട സ്വകാര്യ മരുന്നു നിര്‍മ്മാണകമ്പനിയായ ഫിസറുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നത് സംസ്ഥാന സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കോവിഡ് 19നെതിരായ മരുന്ന് ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയായ ഫിസറുമായി സ്പ്രിംഗ്ലര്‍ വിവരങ്ങള്‍ നിരവധി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ടെന്നാണ് വിവരം. കേരളത്തില്‍നിന്നുള്ള കോവിഡ് രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുമോ എന്ന് വ്യക്തമല്ല. സ്പ്രിംഗ്ലര്‍ കരാറിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കിന്റെ വെബ്‌സൈറ്റ് സസ്‌പെന്റു ചെയ്യപ്പെട്ടതും തും വിവാദത്തിന് മൂര്‍ച്ച കൂട്ടിയിട്ടുണ്ട്.