തിരുവനന്തപുരം: കോവിഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ രോഗികളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ കൈമാറി. സ്പ്രിംഗ്ലര്‍ എന്ന അമേരിക്കന്‍ കമ്പനിക്കാണ് അതീവരഹസ്യമായി സംരക്ഷിക്കപ്പെടേണ്ട വിവരങ്ങള്‍ സര്‍ക്കാര്‍ കൈമാറുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ശേഖരിക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങളാണ് വിദേശ കമ്പനിക്ക് കൈമാറുന്നത്. കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച വാര്‍ഡ് തല കമ്മിറ്റികളാണ് ഈ പദ്ധതി അനുസരിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്. എന്നിട്ട് അവര്‍ കമ്പനിയുടെ വെബ്സൈറ്റായ ുെൃശിസഹൃ.രീാലേക്ക് നേരിട്ട് അപ്ലോഡ് ചെയ്യുകയാണ് ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രതീകം ഉപയോഗിച്ച് വിദേശ കുത്തക കമ്പനി നടത്തുന്ന വിവരം ചോര്‍ത്തല്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്.
വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങളാണ് നിലവില്‍ വാര്‍ഡുതല കമ്മിറ്റികള്‍ വഴി സ്വകാര്യഏജന്‍സി ശേഖരിക്കുന്നത്. ഇതോടൊപ്പം പ്രായമുള്ളവരുടെയും രോഗവ്യാപന സാധ്യതയുളളവരുടെയും വ്യക്തിവിവരങ്ങളും ശേഖരിക്കുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ സംബന്ധമായ വിലപ്പെട്ട വിവരങ്ങളാണ് ഇത്തരത്തില്‍ ശേഖരിച്ച് കൈമാറുന്നത്. ലോക രാഷ്ട്രങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കുന്നവയാണിവ. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സി ഡിറ്റിനോ, ഐ ടി മിഷനോ ഇത്തരം ജോലികള്‍ ചെയ്യാന്‍ കഴിയുമെന്നിരിക്കെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ഉപയോഗിച്ച് വിവരങ്ങള്‍ ഏകോപിപ്പിക്കുമെന്ന കാരണം പറഞ്ഞാണ് സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയെ തെരഞ്ഞെടുത്തതെന്ന് വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവരങ്ങള്‍ കൈമാറുന്നതില്‍ ദുരൂഹതയുണ്ടെന്നും അത് വ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം മൗലീകാവകാശമാണ്. ഇക്കാര്യം ഇന്ത്യന്‍ ഐ.റ്റി നിയമത്തില്‍ ഉള്‍പ്പെടെ പ്രതിപാദിക്കുകയും സുപ്രീംകോടതി തന്നെഒന്നിലധികം വിധികളിലൂടെ അസന്നിഗ്ധമായി വ്യക്തമാക്കുകും ചെയ്തിട്ടുള്ളതാണ്. മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിന്റെ മറവില്‍ ആധാര്‍ വിവരങ്ങള്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് നല്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ നേരത്തെ സുപ്രീംകോടതി നിര്‍ദ്ദാക്ഷിണ്യം വിമര്‍ശിക്കുകയും സ്വകാര്യ കമ്പനികള്‍ ശേഖരത്തില്‍നിന്ന് വിവരങ്ങള്‍ നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നാണ് സംസ്ഥാനത്തെ പൗരന്മാരെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ വിദേശ കമ്പനിക്ക് കൈമാറാന്‍ പിണറായി സര്‍ക്കാര്‍ ധാരണയുണ്ടാക്കിയത്. കേരളത്തിലെ രോഗികളുടെ അതീവഗുരുതരമായ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് നല്‍കുന്നത് മൗലീകാവകാശത്തിന്റെ നഗ്നമായ ലംഘനമാണെന്ന് ചെന്നിത്തല ആരോപിച്ചു. ഈ വിവരങ്ങള്‍ വിദേശ കമ്പനി വാണിജ്യ ആവശ്യങ്ങള്‍ക്ക് മറിച്ച് വില്‍ക്കില്ലന്ന് എന്താണുറപ്പ്. ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് ഇത് മറിച്ച് വിറ്റാല്‍ കോടികള്‍ ലഭിക്കുമെന്ന് സര്‍ക്കാരിന് അറിയില്ലേ? സര്‍ക്കാര്‍ അതിന് എന്തെങ്കിലും മുന്‍ കരുതല്‍ എടുത്തിട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഈ ജോലി സ്പ്രിംഗ്ലറിനെ ഏല്‍പ്പിച്ച കരാറിന്റെ വിശദാംശം എന്താണെന്ന് വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാരിന്റെ ലോഗോ ഉപയോഗിച്ച് കമ്പനി മാര്‍ക്കറ്റിംഗ് നടത്തുകയാണ്. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ കമ്പനിയുടെ പരസ്യചിത്രത്തില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ ശിവശങ്കരന് അഭിനയിച്ചിട്ടുണ്ട്. ഇത് ഈ കരാറിന്റെ നിഗൂഡത വര്‍ധിപ്പിക്കുന്നു. ഇത്തരമൊരു ജോലി വിദേശ കമ്പനിക്ക് നല്‍കും മുമ്പ് ആഗോള ടെണ്ടര്‍ വിളിച്ചിരുന്നോ എന്ന് സര്ക്കാര്വ്യക്തമാക്കണം. എല്ലാ കാര്യങ്ങളും വിശദമായി പറയുന്ന മുഖ്യമന്ത്രി എന്തിനാണ് ഈ വിവരം മാത്രം മറച്ച് വച്ചതെന്ന് മറുപടി പറയണമെന്നും കരാര്‍ ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.