തമിഴ്‌നാട്ടിലെ അഞ്ച് നഗരങ്ങളില്‍ കടുത്ത നിയന്ത്രണം

10
വാഹനങ്ങള്‍ക്കുള്ള ഇ പാസുകള്‍ ലഭിക്കുന്നില്ലെന്നാരോപിച്ച് മധുര കലക്‌ട്രേറ്റില്‍ പ്രതിഷേധിക്കുന്നവര്‍

ചെന്നൈ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നായ തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. 20 പേര്‍ മരിക്കുകയും 1600ല്‍ അധികം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്ത പശ്ചാതലത്തില്‍ രോഗ വ്യാപനം തടയുന്നതിനായി കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അഞ്ചു നഗരങ്ങളില്‍ ഞായറാഴ്ച മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി അറിയിച്ചു.
ചെന്നൈ, മധുര, കോയമ്പത്തൂര്‍ എന്നീ നഗരങ്ങളില്‍ ഞായറാഴ്ച രാവിലെ ആറു മുതല്‍ ബുധനാഴ്ച രാത്രി ഒമ്പത് മണി വരെയും തിരുപ്പൂര്‍, സേലം എന്നീ നഗരങ്ങളില്‍ ഞായര്‍ രാവിലെ ആറു മുതല്‍ ചൊവ്വ രാത്രി ഒമ്പത് വരെയുമാണ് നിയന്ത്രണങ്ങള്‍. സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ ഏറെയും ഈ അഞ്ച് നഗരങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തലസ്ഥാനമായ ചെന്നൈയില്‍ 400ല്‍ അധികം കേസുകളും കോയമ്പത്തൂരില്‍ 134, തിരുപ്പൂര്‍ 110 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളുള്ള ദിവസങ്ങളില്‍ മരുന്നു കടകള്‍, അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അമ്മ കാന്റീന്‍, എ.ടി.എമ്മുകള്‍, ആശുപത്രികള്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നീ കടകള്‍ മാത്രമേ അനുവദിക്കൂ.