
കൊണ്ടോട്ടി :കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ കണ്ണീര്‍ പോലും കാണാതെ പോവുന്ന കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളടെ പുറംതിരിഞ്ഞ സമീപനത്തിനെതിരെ മുസ്‌ലിം ലീഗ് എം.പിമാരും,എം.എല്‍.എ മാരും കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം സമരം നടത്തി. നാട്ടിലെ പൗരന്‍മാരുടെ മൃതദേഹങ്ങള്‍പോലും തിരിച്ചയക്കുന്ന അധികാരികള്‍ പ്രവാസികളോട് കാണിക്കുന്ന പിന്തിരിപ്പന്‍ നിലപാടുകള്‍ തിരുത്തണമെന്നും, വാഗ്ദാനങ്ങളുടെ പെരുമഴക്ക് പകരം പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് വ്യക്തമായ പരിഹാരമാണ് ആവശ്യമെന്നും നേതാക്കള്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഇമേജ് കൂട്ടുന്ന പി.ആര്‍ വര്‍ക്കുകളല്ലാതെ ദുരന്ത മുഖത്തെ അതിജയിക്കാനുള്ള എന്ത് പഠനങ്ങളും,സംവിധാനങ്ങളുമാണ് കൊണ്ടുവന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ദുരന്തങ്ങള്‍ വരുമ്പോള്‍ ജനങ്ങളുടെ കീശയില്‍ മാത്രം നോട്ടമിടുന്ന കാഴ്ചപ്പാടിലാവരുത് സര്‍ക്കാര്‍.ദുബായില്‍ പ്രവാസികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.സഊദി സര്‍ക്കാര്‍ കേരളത്തി ലുള്ള അറബികളെ നാട്ടിലെത്തിക്കാന്‍ സംവിധാനമാക്കിയിരിക്കെ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ വളര്‍ച്ചക്ക് ആക്കം കൂട്ടിയ പ്രവാസികളുടെ മടങ്ങി വരവിനെ പറ്റി വ്യക്ത മായ തീരുമാനംകൈക്കൊള്ളാന്‍ പോലും ഇതുവരെ കഴിഞിട്ടില്ല. ‘തള്ളുകള്‍’ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രവാസി വിഷയത്തില്‍ സര്‍ക്കാര്‍ മൗനം വെടിഞ്ഞ് കണ്ണ് തുറക്കണമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.വിമാനത്താവളത്തിന് സമീപം ഇന്നലെ രാവിലെ 10.30 ന് ആരംഭിച്ച സമരപരിപാടി ഒരു മണിക്കൂറിലേറെ നീണ്ടു. കോവിഡ് പശ്ചാത്തലത്തിലും നിലവിലെ ലോക്ക് ഡൗണ്‍ നിയന്ത്രണത്തിനും, സാമൂഹ്യ അകലവും പാലിച്ച് നടന്ന സമരത്തില്‍ മൂന്ന് എം.പിമാരും 14 എം.എല്‍.എമാരും പങ്കാളികളായി. ഓണ്‍ലൈന്‍ വഴി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമരപരിപാടി ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷനായിരുന്നു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.വി. അബ്ദുല്‍ വഹാബ് എം.പി, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീര്‍ എം.എല്‍.എ, അഡ്വ.എം.ഉമ്മര്‍ എം.എല്‍.എ, കെ.എം.ഷാജി എം. എല്‍.എ,ടി.വി.ഇബ്രാഹീം എം.എല്‍. എ പ്രസംഗിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓണ്‍ലൈന്‍ വഴി സമാപന സന്ദേശം നല്‍കി. എം.എല്‍.എ മാരായ ടി.എ.അഹമ്മദ് കബീര്‍,മഞ്ഞളാംകുഴി അലി,പി.കെ. ബഷീര്‍,അഡ്വ.കെ.എന്‍.എ.ഖാദര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍,അഡ്വ. എന്‍.ശംസുദ്ദീന്‍,പി.അബ്ദുല്‍ ഹമീദ്, സി.മമ്മുട്ടി,പി.ഉബൈദുല്ല,പാറക്കല്‍ അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു.