
ബംഗളൂരു: ഉത്തരേന്ത്യക്കു പിന്നാലെ ദക്ഷിണേന്ത്യയിലും കോവിഡ് പടര്‍ന്നു പിടിക്കുന്നു. കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 98ആയി.
ദക്ഷിണേന്ത്യയില്‍ ആന്ധ്രപ്രദേശിലാണ് ഏറ്റവും കൂടുതല്‍ പേര് കോവിഡ് ബാധിച്ച് മരിച്ചത്. ഇവിടെ 31പേരാണ് കോവിഡിന് കീഴടങ്ങിയത്. തെലങ്കാനയില്‍ 26 പേരും തമിഴ്നാട്ടില്‍ 23 പേരും രാജ്യത്ത് തന്നെ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ച കര്‍ണാടകയില്‍ 18 പേരുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആന്ധ്രപ്രദേശിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ പുതുതായി 61 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1016 ആയി.
രണ്ട് മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 31 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ കര്‍ണൂല്‍, ഗുണ്ടൂര്‍, കൃഷ്ണ ജില്ലകളിലാണ് കോവിഡ് പടര്‍ന്നു പിടിച്ചത്. കര്‍ണൂലില്‍ 275 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ കോവിഡ് സ്ഥിരീകരിക്കാതിരുന്ന ശ്രീകാകുളം ജില്ലയിലും ഇന്നലെ മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 145 പേരാണ് സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയത്.
ആന്ധ്ര കഴിഞ്ഞാല്‍ അയല്‍ സംസ്ഥാനമായ തെലങ്കാനയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 984 പേര്‍ക്കാണ് തെലങ്കാനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 26 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 253 പേര് ഇതിനോടകം കോവിഡ് രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്. രാജ്യത്ത് തന്നെ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ച കര്‍ണാടകയില്‍ ഇതുവരെ 500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 26 പുതിയ കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 152 പേര് രോഗ മുക്തി നേടിയപ്പോള്‍ 18 മരണവും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലാണ് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ 66 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1821 ആയി. ഒരു മരണവും ഇന്നലെ തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. 23 പേരാണ് തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 866 പേര്‍ക്ക് രോഗം ഭേദമായി. ഏഴുപേര്‍ക്ക് രോഗം ബാധിച്ച പുതുച്ചേരിയില്‍ നാലു പേര് ആശുപത്രി വിട്ടിട്ടുണ്ട്.