ദീര്‍ഘകാല ലോക്ക്ഡൗണ്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍

കൊല്‍ക്കത്തയിലെ ഹൗറയില്‍ സര്‍ക്കാറിന്റെ സൗജന്യ ഭക്ഷണത്തിനായി ക്യൂ നില്‍ക്കുന്നവര്‍

ന്യൂഡല്‍ഹി: ദീര്‍ഘകാലത്തെ ലോക്ക്ഡൗണ്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ദാരിദ്ര്യത്തിന്റെ വക്കിലെത്തിച്ചേക്കുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ഡി. സുബ്ബറാവു.
എന്നാല്‍, കോവിഡ് ഭീതി ഒഴിയുന്നതോടെ ഇന്ത്യ മറ്റുരാജ്യങ്ങളേക്കാള്‍ വേഗത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുമെന്നും കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ സെമിനാറില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ മാന്ദ്യം അനുഭവപ്പെട്ടിരുന്നു. കോവിഡ് പ്രതിസന്ധി ഉണ്ടാകുന്നതിന് രണ്ടുമാസം മുമ്പുതന്നെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയില്‍ ആയിരുന്നു.
ഇപ്പോഴത് പൂര്‍ണമായും നിലച്ചു. കഴിഞ്ഞ വര്‍ഷം സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനമായിരുന്നു. അതില്‍ നിന്ന് പൂജ്യത്തിലേക്കോ നെഗറ്റീവ് വളര്‍ച്ചയിലേക്കോ ആണ് നാം നീങ്ങുന്നത്. എന്നാല്‍, ഈ പ്രതിസന്ധിക്കുശേഷം മാറ്റുരാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളെക്കാള്‍ മികച്ച പ്രകടനമാവും ഇന്ത്യ കാഴ്ചവെക്കാന്‍ പോകുന്നത്. എന്നാല്‍ അത് ആശ്വാസത്തിന് വക നല്‍കുന്നില്ല. കൊറോണ പ്രതിസന്ധി തുടരുകയും ലോക്ക്ഡൗണ്‍ ഉടന്‍ പിന്‍വലിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യം ഉണ്ടാവവുകയും ചെയ്താല്‍ ലക്ഷക്കണക്കിനു പേര്‍ ദാരിദ്ര്യത്തിന്റെ വക്കില്‍ എത്തിപ്പെട്ടേക്കാം.
എന്നാല്‍, മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് പ്രതിസന്ധിയില്‍നിന്ന് വളരെവേഗം കരകയറാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞേക്കും. ചുഴലിക്കാറ്റോ ഭൂകമ്പമോ പോലെയുള്ള പ്രകൃതി ദുരന്തമല്ല ഇത് എന്നതാണ് കാരണം. നമ്മുടെ അടിസ്ഥാന സൗകര്യങ്ങളൊന്നും നശിച്ചുപോയിട്ടില്ല. ഫാക്ടറികളും കടകമ്പോളങ്ങളും എല്ലാം അതേപടി നിലനില്‍ക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലുടന്‍ ജോലിക്കിറങ്ങാന്‍ രാജ്യത്തെ ജനങ്ങള്‍ സന്നദ്ധരാണണ്. അതിനാല്‍ പ്രതിന്ധിയില്‍നിന്ന് കരകയറാന്‍ എളുപ്പമാണ്. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഇന്ത്യ കരകയറിയത് മറ്റുരാജ്യങ്ങളെക്കാള്‍ വേഗത്തിലാണ്. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ 1.9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ഐഎംഎഫ് പ്രവചിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനോട് വിദഗ്ധര്‍ പലരും വിയോജിക്കുന്നു. മൊത്ത ആഭ്യന്തര ഉത്പാദനം നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് പലരും വിലയിരുത്തുന്നത്. ജീവന്‍ സംരക്ഷിക്കണോ വരുമാനമാര്‍ഗം സംരക്ഷിക്കണോ എന്നതുസംബന്ധിച്ച ആശയക്കുഴപ്പം വളരെവേഗം അവസാനിക്കുമെന്നും ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.