മലപ്പുറം: പ്രവാസികളുടെ നാട്ടിലെ കുടുംബങ്ങളില്‍ പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുസ്ലിംലീഗിന്റെ പ്രാദേശിക കമ്മിറ്റികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നാടിനും വീടിനും വേണ്ടിയാണ് നമ്മുടെ സഹോദരങ്ങള്‍ പ്രവാസ ജീവിതം തെരഞ്ഞെടുത്തത്. ഈ പ്രയാസത്തിന്റെ സമയത്ത് അവരെ സഹായിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. പ്രവാസലോകത്ത് അവരെ സഹായിക്കാന്‍ സദാ സന്നദ്ധരായി കെ.എം.സി.സി ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വളരെ സ്തുത്യര്‍ഹമായ രീതിയിലാണ് കെ.എം.സി.സി കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അവരെ അഭിനന്ദിക്കാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഗള്‍ഫില്‍ ജോലിയോ ശമ്പളമോ ഇല്ലാതെ പലരും കഷ്ടപ്പെടുന്നുണ്ട്. അവരുടെ നാട്ടിലെ കുടുംബങ്ങളെ കണ്ടറിഞ്ഞ് സഹായിക്കേണ്ട സന്ദര്‍ഭമാണിത്. അങ്ങനെയുള്ളവരെക്കുറിച്ച് വിവരം ശേഖരിച്ച് അവര്‍ക്ക് അടിയന്തര സഹായമായി ഭക്ഷ്യധാന്യങ്ങളും മറ്റും എത്തിക്കാന്‍ മുസ്‌ലിംലീഗ് കമ്മിറ്റികള്‍ ശ്രദ്ധ ചെലുത്തണം. നാളേക്കുവേണ്ടി ഒന്നും എടുത്തുവെക്കാതെ കുടുംബത്തിനും നാടിനും വേണ്ടി എല്ലാം ചെലവഴിച്ച പ്രവാസികളെ ഈ അവസ്ഥയില്‍ കൈവിടാനാകില്ലെന്നും തങ്ങള്‍ പറഞ്ഞു. മലബാറിലെ പ്രവാസി കുടുംബങ്ങളുടെ ആശ്രിതര്‍ക്ക് സൗജന്യമായി മരുന്നെത്തിക്കുന്ന പദ്ധതി കോഴിക്കോട് സി.എച്ച് സെന്റര്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.