നിസാമുദ്ദീന്‍ സംഭവം: വേട്ടയാടല്‍ അവസാനിപ്പിക്കണം കേന്ദ്രമന്ത്രിക്ക് തബ്‌ലീഗിനെയും താലിബാനെയും അറിയില്ല: ഇ.ടി

19
കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാന മന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനും ദിവസങ്ങള്‍ക്ക് മുമ്പ് തബ്‌ലീഗിന്റെ പ്രധാന കേന്ദ്രമായ ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസില്‍ നടന്ന സംഗമങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് വര്‍ഗീയ പ്രചാരണം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
തബ്‌ലീഗ് ജമാഅത്തും താലിബാനും ഒന്നാണെന്ന രീതിയില്‍ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി നടത്തിയ പ്രതികരണം അങ്ങേയറ്റം വിവരക്കേടാണ്. അദ്ദേഹത്തിന് തബ്‌ലീഗിനെയോ താലിബാനെയോ കുറിച്ച് ഒന്നും അറിയില്ല. ആഗോള തലത്തിലും വിശിഷ്യാ ഇന്ത്യയിലുമുള്ള എല്ലാ മുഖ്യധാരാ മുസ്‌ലിം സംഘടനകളും തള്ളിപ്പറഞ്ഞ തീവ്ര സ്വഭാവമുള്ളവരാണ് താലിബാന്‍. എന്നാല്‍, 1927ല്‍ ഇന്ത്യയില്‍ രൂപം കൊണ്ട് മുസ്‌ലിം സമൂഹത്തിനിടയിലെ മതകാര്യ ഉല്‍ബോധന സംവിധാനമായി വന്നവരാണ് തബ്‌ലീഗ് ജമാഅത്ത്. സംഘടനാപരമായി വ്യത്യസ്ഥ ധാരകളുണ്ടെങ്കിലും താലിബാനെ പോലെ തീവ്രസ്വഭാവം പുലര്‍ത്തുന്നവരാണ് തബ്‌ലീഗെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല. വിവിധ മത സമുദായ സംഘടനകളുടെ വ്യവസ്ഥാപിതമായുള്ള പരിപാടികളില്‍ ഒന്നായിരുന്നു  നിസാമുദ്ദീന്‍ മര്‍കസില്‍ നടന്ന സംഗമവും.
എന്തെങ്കിലും വിലക്കോ നിരേധമോ നിലനില്‍ക്കെ സംഘടിപ്പിച്ച സമ്മേളനമല്ല അവിടെ നടന്നത്. അതിലേക്ക് കോവിഡ് ബാധിതരായ വിദേശികള്‍ എത്തിയതില്‍ സംഘാടകര്‍ എന്തു പിഴച്ചു. അത്തരം രോഗികള്‍ രാജ്യത്ത് പ്രവേശിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാറാണ്. അതു ചെയ്യാതെ രോഗം പകര്‍ന്നവരെ അവഹേളിക്കുന്നത് ശരിയായ നടപടിയല്ല.
ജനതാകര്‍ഫ്യൂ അവസനിച്ചപ്പോഴേക്കും ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അപ്രതീക്ഷിതമായി രാജ്യത്താകെയും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിമാനമോ ട്രെയിനോ ഒന്നും ഇല്ലാതെ കുടുങ്ങിപ്പോയവരാണ് അവര്‍.
സര്‍ക്കാറിനെയും പൊലീസിനെയും ബന്ധപ്പെട്ട ഏജന്‍സികളെയും വിവരം ധരിപ്പിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്ത അവര്‍ ലോക്ഡൗണ്‍ ലംഘിച്ച് പുറത്തുപോലും പോയിട്ടില്ല. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉള്‍പ്പെടെയുളളവര്‍ ദിവസങ്ങള്‍ക്ക് മുമ്പ് സ്ഥാപനത്തിലെത്തിയപ്പോഴും എല്ലാ കാര്യവും ധരിപ്പിച്ചതാണ്. ഇപ്പോള്‍ അവരെ വേട്ടയാടി ആടിനെ പട്ടിയാക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.