നെഞ്ചിലെ നെരിപ്പോടണഞ്ഞു, അനിയനു വേണ്ടിയുള്ള സഫീറിന്റെ കാത്തിരിപ്പ് വെറുതെയായില്ല

സമീഹ്‌

റിയാദില്‍നിന്ന് കാണാതായ കണ്ണൂര്‍ സ്വദേശി മൂന്നര വര്‍ഷത്തിനു ശേഷം തിരിച്ചെത്തി

കൈവിട്ടു പോയെന്ന് കരുതിയ പൊന്നനിയന്റെ സ്വരം കേട്ടപ്പോള്‍ സഫീറിന്ന് വിശ്വസിക്കാനായില്ല. മൂന്നര വര്‍ഷം മുമ്പ് റിയാദില്‍ നിന്ന് കാണാതായ കണ്ണൂര്‍ സ്വദേശി സമീഹായിരുന്നു ഫോണില്‍. അഞ്ചരക്കണ്ടിയിലെ പുത്തന്‍പുര വയലില്‍ അബ്ദുല്ലത്തീഫ് – സക്കീന ദമ്പതികളുടെ മകന്‍. തൊട്ടു പിന്നാലെ മലാസിലുള്ള സഫീറിന്റെ വീട്ടില്‍ സമീഹ് തിരിച്ചെത്തിയപ്പോള്‍ സ്വപ്‌നമോ യാഥാര്‍ത്ഥ്യമോ എന്ന് തിരിച്ചറിയാത്ത നിമിഷമായിരുന്നു കുടുംബത്തിന്. നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളുടെ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ക്ക് മുമ്പില്‍ പതറാതെ, അവന്‍ തിരിച്ചെത്തുമെന്ന് ഉറപ്പ് നല്‍കി ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും മനസ്സു നിറയെ സങ്കടക്കടലായിരുന്നു. 2016 ഡിസംബര്‍ 13നാണ് ജോലി ചെയ്യുന്ന റിയാദ് ബത്ഹയിലെ സ്വകാര്യ ട്രാവല്‍ ഓഫീസിലേക്ക് സുഹൃത്തിന്റെ കാറുമായി സമീഹ് പോയത്. സന്ദര്‍ശന വിസയിലെത്തിയ മാതാപിതാക്കള്‍ക്കും റിയാദില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സഫീറിനുമൊത്ത് ഉച്ച ഭക്ഷണവും വിശ്രമവും കഴിഞ്ഞ് വൈകീട്ട് അഞ്ചുമണിക്കാണ് വീട്ടില്‍നിന്നിറങ്ങിയത്. രാത്രിയായിട്ടും തിരിച്ചുവരാത്തതോടെ കുടുംബം ആശങ്കയിലായി. ഓഫീസില്‍ വിളിച്ചപ്പോള്‍ ഉച്ചക്ക് ശേഷം അവിടേക്ക് എത്തിയിട്ടില്ലെന്ന് മറുപടി. ഇതിനിടെ തനിക്ക് വഴി തെറ്റിപ്പോയെന്നും ഗൂഗിള്‍ മാപ് നോക്കി വന്നു കൊണ്ടിരിക്കുകയാണെന്നും ഓഫിസിലുള്ള തന്റെ സഹപ്രവര്‍ത്തകനെ സമീഹ് മൊബൈലില്‍ വിളിച്ച് പറഞ്ഞിരുന്നു. പിന്നീട് ഫോണ്‍ ഓഫായി. ഇതോടെ സമീഹിന് എന്തെങ്കിലും അപകടം പിണഞ്ഞു കാണുമെന്ന ഭീതിയില്‍ കുടുംബം മലാസ് പൊലീസില്‍ പരാതി നല്‍കി. റിയാദ് – ദമാം റൂട്ടില്‍ 25 കിലോമീറ്റര്‍ വരെ സമീഹ് യാത്ര ചെയ്തതായി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മനസിലായി. പിന്നീട് എങ്ങോട്ട് പോയെന്ന് ഒരു വിവരവും ലഭിച്ചില്ല. മക്കളോടൊപ്പം കുറഞ്ഞ ദിവസം സന്തോഷത്തോടെ കഴിയാന്‍ റിയാദിലെത്തിയ പിതാവ് അബ്ദുല്‍ ലത്തീഫിനും മാതാവ് സക്കീനക്കും കണ്ണീരില്‍ കുതിര്‍ന്ന ദിനങ്ങളായിരുന്നു പിന്നീട്. മൂന്നരവര്‍ഷമായി അനിയനു വേണ്ടി സഫീര്‍ മുട്ടാത്ത വാതിലുകളില്ല. മലയാളി സമൂഹത്തിന്റെ സഹായത്തോടെ സഊദിയുടെ വിവിധ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തി. ദിവസങ്ങളോളം ചാനലുകളിലും പത്രങ്ങളിലുമെല്ലാം വാര്‍ത്തകള്‍ ഇടം പിടിച്ചെങ്കിലും ഫലം കണ്ടില്ല. രഹസ്യാന്വേഷണ വിഭാഗം, ഗവര്‍ണര്‍ ഓഫീസ്, ആസ്പത്രികള്‍, ജയിലുകള്‍, പൊലീസ് സ്‌റ്റേഷനുകള്‍, ആഭ്യന്തരമന്ത്രാലയം, ഇന്ത്യന്‍ എംബസി, റിയാദ് ഗവര്‍ണറേറ്റ് തുടങ്ങി സകല വിഭാഗങ്ങളിലും സഫീര്‍ പരാതി നല്‍കി. അന്വേഷണം പല വഴിക്കും നീണ്ടു. സമീഹ് എവിടെയെന്ന ചോദ്യം മാത്രം മൂന്നര വര്‍ഷമായിട്ടും ഉത്തരം കിട്ടാതെതുടര്‍ന്നു. ഇതിനിടെയാണ് വ്യാഴാഴ്ച രാത്രി സമീഹിന്റെ അപ്രതീക്ഷിതമായ വിളി സഫീറിന്റെ മൊബൈലിലേക്ക് എത്തിയത്. അല്‍പ്പം കഴിഞ്ഞതോടെ അനിയന്‍ ജീവനോടെ തിരിച്ചെത്തി. നേരില്‍ കണ്ടതോടെ നാട്ടില്‍ തീ തിന്നു കഴിയുകായായിരുന്ന മാതാപിതാക്കളെ ഫോണിലൂടെ സഫീര്‍ വിവരമറിയിച്ചപ്പോള്‍ പരീക്ഷണങ്ങള്‍ക്കിടയില്‍ ആ കരളുരുകിയുള്ള പ്രാര്‍ത്ഥന സര്‍വശക്തന്‍ സ്വീകരിച്ച നിര്‍വൃതിയിലായിരുന്നു ലത്തീഫ് – സക്കീന ദമ്പതികള്‍. ഓഫീസിലേക്കുള്ള യാത്രക്കിടെ വഴിതെറ്റി മരുഭൂമിയില്‍ അകപ്പെട്ട തന്നെ കൊള്ളസംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് സമീഹ് പറയുന്നത്. കാറും ഫോണും വിലപിടിപ്പുള്ളതുമെല്ലാം തട്ടിയെടുത്ത ശേഷം മരുഭൂമിയിലെ ആടുകളെ വളര്‍ത്തുന്ന ഒരു ഫാമില്‍ ഉപേക്ഷിച്ചു. മൂന്നര വര്‍ഷമായി പുറംലോകവുമായി ഒരു ബന്ധവുമില്ലാതെയാണ് കഴിഞ്ഞത്. ബിന്യാമിന്റെ ആടുജീവിതമെന്ന കഥയെ അനുസ്മരിപ്പിക്കുന്ന ദുരിത ജീവിതം. ഫാമിലേക്ക് ഒട്ടകങ്ങള്‍ക്ക് തീറ്റസാധനങ്ങളുമായി വന്ന ട്രക്ക് ഉടമയുടെ സഹായത്തോടെയാണ് ഇവിടെനിന്ന് രക്ഷപ്പെട്ടതെന്ന് സമീഹ് പറയുന്നു. ട്രക്ക് ഉടമയുടെ ഫോണില്‍നിന്നാണ് സഹോദരനെ ബന്ധപ്പെട്ടത്.