പാര്‍ട്ടി ഇംഗിതം നടപ്പിലാക്കാനുള്ള കുറുക്കുവഴിയായി മഹാമാരിയെ കാണരുത്: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോവിഡ്19 സാമൂഹ്യ വ്യാപനം തടയാന്‍ വേണ്ടി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ എടുക്കുന്ന നടപടികളോട് പരിപൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും എന്നാല്‍ ഇതൊരു അവസരമായി കണ്ട് സ്വന്തം പാര്‍ട്ടി ഇംഗിതം നടപ്പിലാക്കാനായുള്ള വഴിയായി കാണരുതെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പിമാരുടെ ശമ്പളവും ആനുകൂല്യങ്ങളും റദ്ദ് ചെയ്യുന്നതിനെ പ്രശ്‌നമായി കാണുന്നില്ല. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഉപകരിക്കേണ്ട എം.പി ഫണ്ട് റദ്ദ് ചെയ്തത് എന്ത് അടിസ്ഥാനത്തിലാണ്. ഇത് ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നീണ്ട അടച്ചിടല്‍ ആവുമ്പോള്‍ ഉണ്ടാക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. കണ്ണടച്ച് എല്ലാം ശുഭം എന്ന് പറയാന്‍ കഴിയില്ല. സര്‍ക്കാറിന്റെ പോരായ്മകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നല്ല ഓരോ പൗരന്മാരും രാജ്യം ഭരിക്കുന്ന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍പ്പെടുത്താറുണ്ട്. പ്രവര്‍ത്തനങ്ങളെ സഹായിക്കാനും പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് വിമര്‍ശിക്കാനുമുള്ള അധികാരവും അവകാശവും ഉണ്ട്. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരല്‍ കൂടിയാണത്. അതേ സ്പിരിറ്റില്‍ എടുക്കാന്‍ സര്‍ക്കാറിനും കഴിയണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇപ്പോഴേ ആവശ്യത്തിന് ഫണ്ടു നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. കുറെ ഉത്തരവാദിത്വം അവരെ ഏല്‍പ്പിച്ചു അവരെ എല്ലാത്തിനും ഉത്തരവാദികള്‍ ആക്കി മാറ്റുകയാണ്. ഇതിന് വേണ്ട പിന്തുണ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഉത്തരവാദിത്വം മാത്രമാണ് നല്‍കുന്നത്. പണം നല്‍കുന്നില്ല. അരി വിതരണം ചെയ്യുന്നവന്റെ മേലെ വരെ കേസ് എടുക്കുകയാണ്. പാര്‍ട്ടി താല്‍പര്യം അടിച്ചേല്‍പ്പിക്കാനുള്ള വഴിയാക്കി കോവിഡ് കാലത്തെ മാറ്റരുത്. സര്‍ക്കാരിന് സാമ്പത്തിക അച്ചടക്കം ഇല്ല. രാഷ്ട്രീയ മുതലെടുപ്പ് നടത്താനായി ഇതിനെ സര്‍ക്കാറുകള്‍ ഉപയോഗിക്കരുത്. യൂത്ത്‌ലീഗ് ഉണ്ടാക്കിയ മെഡി ചെയിന്‍ പദ്ധതി ഒട്ടേറെ രോഗികള്‍ക്ക് ഉപകാരപ്രദമായിരുന്നു. അവര്‍ക്കെതിരെ കേസെടുക്കുകയാണ് പൊലീസ്. ഒടുവില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നു. എന്നിട്ട് അതേ പ്രവര്‍ത്തനം ഭരണ പാര്‍ട്ടിയിലെ യുവജന സംഘടനകള്‍ തടസമില്ലാതെ ചെയ്യുന്നു. സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നത് ശരിയല്ല. നിബന്ധനകള്‍ പാലിച്ചുകൊണ്ടുള്ള സന്നദ്ധ പ്രവര്‍ത്തനം അനുവദിക്കണം. സര്‍ക്കാര്‍ തുടക്കം മുതല്‍ കുത്തക നടപ്പിലാക്കാനുളള ശ്രമം നടത്തുന്നുണ്ട്. സര്‍ക്കാര്‍ ആഡംബരവും അനാവശ്യ ചെലവുകളും ഒഴിവാക്കണം. അത് ഒഴിവാക്കാതെ ശമ്പളം പിടിച്ചുവാങ്ങുന്നത് ശരിയല്ല. വിദേശത്ത് ഉള്ള മലയാളികളുടെ കാര്യം നോക്കേണ്ട ചുമതല നമ്മുക്ക് ഉണ്ട്. അവിടെ ഉള്ള സൗകര്യം മതിയാകാതെ വരുന്നു. രോഗം വ്യാപിക്കുന്നു. ഇക്കാര്യങ്ങളിലെല്ലാം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണം. അവരുടെ സുരക്ഷ ഉറപ്പ് വരുത്തണം. തുടര്‍ച്ചയായി സര്‍ക്കാര്‍ തെറ്റായ നടപടികള്‍ സ്വീകരിക്കുന്നത് കൊണ്ടാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്. പ്രതിപക്ഷം നിശബ്ദത പാലിക്കുന്നത് അവസരമായി കാണരുത്. ആരോഗ്യ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനം അനിവാര്യമാണ്. എല്ലാ ജില്ലയിലും മെഡിക്കല്‍ കോളജ് വേണം. ഫണ്ട് വിനയോഗത്തില്‍ സര്‍ക്കാര്‍ സുതാര്യത ഉറപ്പ് വരുത്തണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.