ന്യൂഡല്‍ഹി: പാവങ്ങളുടെ അന്നം ഉപയോഗിച്ച് സമ്പന്നരുടെ കൈകള്‍ ശുചീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
എഫ്‌സിഐ ഗോഡൗണുകളിലെ ധാന്യം ഉപയോഗിച്ച് എഥനോള്‍ ഉത്പാദിപ്പിക്കാനും അതുപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം. എപ്പോഴാണ് ഇന്ത്യയിലെ പാവപ്പെട്ടവര്‍ ഉണര്‍ന്നെണീക്കുക? നിങ്ങളിവിടെ വിശപ്പുകൊണ്ട് മരിക്കുമ്പോള്‍ അവര്‍ നിങ്ങള്‍ക്കുള്ള അരിയെടുത്ത് സമ്പന്നര്‍ക്കായി ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിക്കുകയാണ്, രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പറഞ്ഞു. കോവിഡ് വ്യാപനത്തിനു പിന്നാലെ അണുനാശിനിയായ സാനിറ്റൈസറിന്റെ ഉപയോഗം വര്‍ധിച്ചതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യധാന്യം ഉപയോഗിച്ച് എഥനോള്‍ നിര്‍മിക്കാനുള്ള തീരുമാനമെടുത്തത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ക്ക് മതിയായ ഭക്ഷ്യധാന്യം ലഭിക്കുന്നില്ലെന്ന പരാതിക്കിടെയുള്ള ഇത്തരമൊരു തീരുമാനം കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മിച്ചമുള്ള ഭക്ഷ്യധാന്യങ്ങള്‍ എഥനോള്‍ ആയി മാറ്റാന്‍ 2018 ലെ ദേശീയ ബയോഫ്യുവല്‍ നയം അനുവദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. അരിയും ഗോതമ്പും ഉള്‍പ്പെടെ രാജ്യത്ത് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പക്കല്‍ 58.59 മില്ല്യണ്‍ ഭക്ഷ്യധാന്യ ശേഖരമുണ്ടെന്നാണ് കണക്കുകള്‍. രാജ്യത്തെ ജനങ്ങള്‍ക്കുള്ള കരുതല്‍ശേഖരം കഴിഞ്ഞാലും ഇവ മിച്ചം വരും എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.