പുണ്യമാസത്തെ വരവേല്‍ക്കുന്നത് വേദനയോടെ

സുകൃതങ്ങളിലും പ്രാര്‍ത്ഥനയിലും മുഴുകുക സല്‍മാന്‍ രാജാവ്

പുണ്യങ്ങളുടെ പൂക്കാലത്തിന്ന് സഊദിയില്‍ വേദന പുരണ്ട സ്വാഗതം. ലോകമുസ്ലിംകള്‍ക്ക് ആശംസകള്‍ നേര്‍ന്ന സഊദി ഭരാണാധികാരി സല്‍മാന്‍ രാജാവ് ഏറെ വേദനയോടു കൂടിയാണ് പുണ്യമാസത്തെ വരവേല്‍ക്കേണ്ടി വന്നതെന്ന് പറഞ്ഞു. വിശുദ്ധിയുടെ രാപ്പകലുകള്‍ക്ക് തുടക്കം കുറിക്കുന്ന രാജ്യത്തെ ജനങ്ങളുടെ മുമ്പില്‍ ഹൃദയം തുറന്ന തിരുഗേഹങ്ങളുടെ സേവകന്‍ സഹനത്തിന്റെയും സുകൃതങ്ങളുടെയും പാതയില്‍ ക്ഷമയോട് കൂടി അല്ലാഹുവിലേക്ക് ജീവിതം സമര്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തു. അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ക്ക് പരിഹാരം തേടി നാഥനിലേക്ക് മടങ്ങുക. സല്‍പ്രവര്‍ത്തങ്ങളില്‍ മുഴുകണം. നമ്മുടെ വ്രതവും ആരാധനകളും അല്ലാഹു സ്വീകരിക്കട്ടെയെന്നും ആശംസിച്ച സഊദി ഭരണാധികാരി പൊതുജാനാരോഗ്യം സംരക്ഷിക്കുന്നതിന് കഠിനാദ്ധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെയും രാജ്യത്തിന്റെ അതിര്‍ത്തികള്‍ കാക്കുന്ന കാവല്‍ ഭടന്മാരെയും പ്രാര്‍ത്ഥനകളില്‍ പ്രത്യേകം ഉള്‍പ്പെടുത്തണമെന്ന് ഉണര്‍ത്തി.
അനുഗ്രഹീത ദിനങ്ങള്‍ സമാഗതമായപ്പോള്‍ ആരാധനാലയങ്ങള്‍ അടച്ചിട്ടും നിസ്‌കാരങ്ങളും വിശുദ്ധ ഉംറ കര്‍മ്മവും ഇരു ഹറമുകളിലടക്കം രാജ്യത്തെ മുഴുവന്‍ പള്ളികളിലും ഇഅതികാഫും വിലക്കിയ സാഹചര്യത്തിലാണ് സല്‍മാന്‍ രാജാവ് ലോകത്തെ വിശ്വാസികള്‍ക്ക് മുമ്പില്‍ മനോവേദനയോടെ ആശംസ പങ്ക് വെച്ചത്. കോവിഡ് എന്ന മഹാമാരിയുടെ പിടിയില്‍ നിന്ന് രാജ്യത്തെയും പൗരന്മാരെയും വിദേശികളെയും സംരക്ഷിക്കാനാണ് മുന്‍കരുതല്‍ നടപടികള്‍. ബന്ധപ്പെട്ട വകുപ്പുകള്‍ നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ നാമോരോരുത്തരും ജാഗ്രത പാലിക്കണം. അതിന്റെ ഭാഗമാണ് ആരാധനകള്‍ക്ക് താത്കാലികമായി വിലക്ക് ഏര്‍പ്പെടുത്തേണ്ടി വന്നതും തറാവീഹ് നിസ്‌കരമുള്‍പ്പടെ വീടുകളില്‍ വെച്ച് നിര്‍വഹിക്കാന്‍ നിര്‍ദേശം നല്‍കിയത്.
ലോകത്തെ വിശ്വാസി സമൂഹത്തിനു റമദാന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പരീക്ഷണങ്ങളില്‍ നിന്ന് ലോകജനതയെ കാത്ത് രക്ഷിക്കാന്‍ അല്ലാഹുവില്‍ അഭയം തേടലാണ് മാര്‍ഗമെന്നും ലോകജനത അല്ലാഹുവിലേക്കും വിശുദ്ധ ഖുര്‍ആനിലേക്കും മടങ്ങണമെന്നും ഇരുഹറം കാര്യാലയം പ്രസിഡണ്ട് ഡോ അബ്ദുല്‍ റഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു. രാജ്യം നേടിയ പുരോഗതിയുടെയും വിജയത്തിന്റെയും പിന്നില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അക്ഷീണ യത്‌നത്തിന്റെ ഫലമാണെന്ന് വ്യകത്മാക്കിയ ഡോ:സുദൈസ് രാജ്യ മികച്ച മാര്‍ക്ഷനിര്‌ദേശങ്ങള്‍ക്കും കൃത്യമായ ഫോളോഅപ്പിനും രാജാവിനോട് നന്ദി പറഞ്ഞു. മുസ്ലിംലോകത്തിന് ഉത്തമമായ നേതൃത്വം നല്‍കാനും പ്രതിസന്ധികളെ തരണം ചെയ്ത് പുരോഗതിയിലേക്ക് നയിക്കാനും രാജാവിന് ആരോഗ്യവും ദീര്‍ഘായുസും നല്‍കാനും പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം മക്കയിലെയും മദീനയിലെയും പവിത്രമായ ഇരു ഹറമുകളിലും ആരാധന കര്‍മങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തേണ്ടി വന്നത് ജനങ്ങളുടെ സുരക്ഷയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ക്കുണ്ടായ പ്രയാസങ്ങളില്‍ അതീവ ദുഃഖമുണ്ടെന്നും വീടുകളില്‍ വെച്ച് കൃത്യമായി കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ സൂക്ഷ്മത പാലിക്കണമെന്നും ഡോ അബ്ദുല്‍ റഹ്മാന്‍ അല്‍സുദൈസ് ആഹ്വാനം ചെയ്തു.