പ്രതിരോധ നടപടികളുമായി എല്ലാവരും സഹകരിക്കണം: പി.കെ കുഞ്ഞാലിക്കുട്ടി

7

മലപ്പുറം: കോവിഡ്  19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പ്രതിരോധ നടപടികളുമായി എല്ലാവരും സഹകരിക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു. ഇതിന്റെ ഗൗരവം കാണിച്ച് സംസ്ഥാന, ജില്ലാ, യൂണിറ്റ് കമ്മിറ്റികള്‍ക്ക് അടിയന്തര സന്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആളുകള്‍ കൂടുന്ന മതപരമായ ഒരു പരിപാടിയും എവിടെയും നടത്തരുതെന്നും ഈ കാര്യത്തിനോടുള്ള സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. എവിടെയെങ്കിലും അനധികൃതമായി ആളുകള്‍ കൂടുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട സര്‍ക്കാരുകളെ വിവരം അറിയിച്ച് വേണ്ട നടപടികള്‍ എടുക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് .  ഡല്‍ഹി മര്‍ക്കസില്‍ ഉണ്ടായ സംഭവം നിര്‍ഭാഗ്യകരമാണ് . ബന്ധപ്പെട്ടവരില്‍ നിന്നും അനുമതി വാങ്ങിയാണ് മാര്‍ച്ച് 13 ാം തീയതി അവര്‍ യോഗം ചേര്‍ന്നിട്ടുള്ളത് . ഈ സമയത്ത് നിരോധനം നിലവിലില്ല . ഡല്‍ഹിയിലാകട്ടെ പാര്‍ലമെന്റ് സമ്മേളനം ഉള്‍പ്പടെ നടന്നുവരികയായിരുന്നു. സര്‍ക്കാരിന്റെ ഈ സമീപനം രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പാര്‍ലമെന്റില്‍ ചോദ്യം ചെയ്തതുമാണ് . പക്ഷേ സര്‍ക്കാര്‍ ഗൗരവപരമായ നടപടികളൊന്നും തന്നെ സ്വീകരിച്ചില്ല . അതുകഴിഞ്ഞ് ഒരാഴ്ചക്ക് ശേഷമാണ് ജനതാ കര്‍ഫ്യൂവും ലോക്ക് ഡൗണും പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.  മുന്നൊരുക്കമില്ലാതെയുള്ള നടപടിയുടെ ഭാഗമായാണ് ഇതര സംസ്ഥാന   തൊഴിലാളികളുടെ കൂട്ടപ്പലായനമടക്കമുള്ളത് സംഭവിച്ചത്. അതിന്റെ ഫലമാണ് മര്‍ക്കസില്‍ വന്നവര്‍ കുടുങ്ങിക്കിടന്നതെന്നാണവര്‍ പറയുന്നത്. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സ്വയം മുന്നോട്ട് വന്ന് അധികൃതരുമായി സഹകരിക്കണമെന്നും പി.കെ  കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു