പ്രവാസികളും മനുഷ്യാവകാശമുള്ള ഇന്ത്യക്കാരാണ്: സാദിഖലി തങ്ങള്‍

14

മലപ്പുറം: ഇന്ത്യയില്‍ നിന്നും ജോലി തേടി വിദേശത്തു പോയവരും മനുഷ്യാവകാശമുള്ള ഇന്ത്യക്കാരാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പ്രവാസികള്‍ നല്‍കുന്ന വിദേശ നാണ്യമാണ് നമ്മുടെ സമ്പദ് ഘടനയെ ശക്തിപ്പെടുത്തുന്നത്. പ്രതിസന്ധിയുടെ ഈ കാലത്ത് പ്രവാസികളുടെ ആശങ്കയും ഭയപ്പാടും നീക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്.
പ്രവാസികള്‍ ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര, കേരള സര്‍ക്കാറുകള്‍ അടിയന്തരമായി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കി അതിവേഗ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുമായി ബന്ധപ്പെട്ടാല്‍ മാത്രമേ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെടല്‍ നടത്താന്‍ സാധിക്കൂ. അത്തരം ഇടപെടലുകളാണ് പ്രവാസികള്‍ ആഗ്രഹിക്കുന്നത്.
ലോക്ക് ഡൗണിനുശേഷം മടങ്ങിവരുന്ന പ്രവാസികളെ വീട്ടിലേക്കയക്കാതെ ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ജില്ലാഭരണകൂടം സജ്ജീകരിക്കുമെന്നും ഇതര ജില്ല സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന നമ്മുടെ സഹോദരങ്ങളെ വീട്ടിലേക്കയക്കാതെ പഞ്ചായത്തുകള്‍ ഒരുക്കുന്ന ഐസൊലേഷന്‍ സെന്ററുകളില്‍ താമസിപ്പിക്കുമെന്നുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഈ കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനത്തോട് പ്രവാസികളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനായി പ്രവാസികള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ മുസ്‌ലിംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി. പ്രവര്‍ത്തകര്‍ സജ്ജമാണ്.
നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി സര്‍ക്കാര്‍ സജ്ജീകരിക്കുന്ന മുന്‍കരുതല്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മുസ്‌ലിംലീഗ് ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളും, വാഹനങ്ങളും യാതൊരു ഉപാധിയും കൂടാതെ വിട്ടു നല്‍കാനും മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കാനും തയാറാണെന്നും ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് തങ്ങള്‍ പറഞ്ഞു.