പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് സൗജന്യ മരുന്നും ചികിത്സയും ഉറപ്പാക്കാന്‍ സി.എച്ച് സെന്റര്‍ പദ്ധതി

കോഴിക്കോട്: വിഷമാവസ്ഥയില്‍ വിദേശത്തും സ്വദേശത്തും കഴിയുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് മരുന്നും ചികിത്സയും ഉറപ്പാക്കാന്‍ കോഴിക്കോട് സി.എച്ച് സെന്റര്‍ കേന്ദ്രീകരിച്ച് പ്രത്യേക പദ്ധതി. മുഖ്യ രക്ഷാധികാരി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശ പ്രകാരമാണ് ആംബുലന്‍സ് സര്‍വ്വീസ് ഉള്‍പ്പെടെയുളള ചികിത്സ സേവനങ്ങള്‍ക്ക് പുറമെ മുസ്‌ലിം യൂത്ത് ലീഗിന്റെ വളണ്ടിയര്‍ വിംഗായ വൈറ്റ് ഗാര്‍ഡിന്റെ മെഡിചെയിന്‍ വഴി സൗജന്യമായി മരുന്നും നല്‍കന്ന പദ്ധതി തയ്യാറാക്കിയതെന്ന്് സി.എച്ച് സെന്റര്‍ പ്രസിഡന്റ് കെ.പി കോയയും ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്ററും അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ കാസര്‍കോട് മുതല്‍ പാലക്കാട് വരെയുളള മലബാറിലെ ഏഴു ജില്ലകളിലുള്ളവര്‍ക്കാണ് സൗജന്യ സേവനം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ് ഡസ്‌കുമായി ബന്ധപ്പെടുക ബന്ധപ്പെടേണ്ട വാട്‌സ്ആപ്പ് നമ്പറുകള്‍: 9495393300, 9605314598, 7592844111, 8589001473. മധ്യ-ദക്ഷിണ കേന്ദ്രത്തിലെ മറ്റു ജില്ലകളിലുള്ളവര്‍ക്കുള്ള പദ്ധതി താമസിയാതെ നടപ്പാക്കും. മെഡിക്കല്‍ കോളജില്‍ വരുന്ന രോഗികള്‍ക്ക് നേരത്തെ നല്‍കിയിരുന്ന മരുന്ന് വിതരണവും സ്‌കാനിംഗും ഇപ്പോഴും തുടരുന്നതിന് പുറമെ മെഡിക്കല്‍ കോളജ് കാമ്പസ് സ്‌കൂളില്‍ കഴിയുന്നവരുടെ ഭക്ഷണവും അവരുടെ മേല്‍ നോട്ടവും ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം വഹിക്കുന്നതും സി.എച്ച് സെന്ററാണ്.
പ്രവാസ ലോകത്ത് കഴിയുന്ന പലരും നാട്ടിലെ ബന്ധുക്കളുടെ കാര്യത്തില്‍ വലിയ പ്രയാസത്തിലാണ്. ബിസിനസ് നടത്താനോ ശമ്പളം ലഭിക്കാനോ മാര്‍ഗമില്ലാതെ ജീവിതം വഴിമുട്ടിയ പ്രവാസികള്‍ക്ക് എല്ലാവിധ സഹായവും എത്തിക്കാന്‍ മുസ്്‌ലിംലീഗും പോഷകഘടകങ്ങളും സജീവമായി ഇടപെടണമെന്നും ഭക്ഷണം, മരുന്ന്, ചികിത്സ എന്നിവ ആവശ്യമുള്ളവരെ കണ്ടെത്തി അതു ലഭ്യമാക്കാന്‍ ശാഖ മുതല്‍ മുകളിലോട്ടുള്ള എല്ലാ ഭാരവാഹികളും നേതാക്കളും ശ്രദ്ധിക്കണമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
സി.എച്ച് സെന്ററിന് താങ്ങും തണലുമായി പ്രവര്‍ത്തിച്ച പ്രവാസ ലോകത്തുള്ളവര്‍ക്ക് പ്രയാസം വന്നാല്‍ അവരെ സഹായിക്കേണ്ടത് സി.എച്ച് സെന്ററിന്റെ ഉത്തരവാദിത്തമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. സി.എച്ച് സെന്റര്‍ മുഖ്യ രക്ഷാധികാരി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശപ്രകാരം ചേര്‍ന്ന അടിയന്തര ഓണ്‍ലൈന്‍ യോഗത്തില്‍ പ്രൊജക്ട്‌സ് ചെയര്‍മാന്‍ ഇബ്രാഹിം എളേറ്റില്‍, ഭാരവാഹികളായ ടി.പി മുഹമ്മദ്, എം.വി സിദ്ദീഖ് മാസ്റ്റര്‍, ഇ മാമുക്കോയ മാസ്റ്റര്‍, പി.എന്‍.കെ അഷ്‌റഫ്, സഫ അലവി മായനാട്, കെ മരക്കാര്‍ ഹാജി, കെ മൂസ മൗലവി, ഒ ഹുസൈന്‍, ബപ്പന്‍കുട്ടി നടുവണ്ണൂര്‍, അരിയില്‍ മൊയ്തീന്‍ ഹാജി, ഫൈസല്‍ പുല്ലാളൂര്‍, ഷുക്കൂര്‍ തയ്യില്‍ എന്നിവരും സംബന്ധിച്ചു.