പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവനു മുന്നില്‍ ധര്‍ണ

21
ഗള്‍ഫില്‍ നിന്നും പ്രവാസികളെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരാന്‍ പ്രത്യേക വിമാന സര്‍വീസ് ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരില്‍ ഗവര്‍ണര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവന് മുന്നില്‍ നടത്തിയ ഏകദിന ധര്‍ണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: കോവിഡ് 19നെ തുടര്‍ന്ന് വിദേശനാടുകളില്‍ കുടുങ്ങിപ്പോയ പ്രവാസി മലയാളികളെ നാട്ടിലേക്ക് മടക്കി കൊണ്ടുവരാന്‍ പ്രത്യേക വിമാന സര്‍വീസ് നടത്താന്‍ കേന്ദ്രസര്‍ക്കാരില്‍ ഗവര്‍ണ്ണര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍പ്രവാസികാര്യ മന്ത്രിയും മുന്‍ കെ.പി.സി.സി പ്രസിഡന്റുമായിരുന്ന എം.എം.ഹസ്സന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവന് മുന്നില്‍ ധര്‍ണ്ണ നടത്തി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മനുഷ്യത്വരഹിതമായ നടപടിയില്‍ പ്രതിഷേധിച്ചും പ്രത്യേക വിമാനസര്‍വീസ് നടത്താന്‍ കേന്ദ്രസര്‍ക്കാരില്‍ കേരള ഗവര്‍ണ്ണര്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടാണ് നേതാക്കള്‍ ധര്‍ണ്ണ നടത്തിയത്. സമൂഹിക അകലം പാലിച്ച് അടുര്‍ പ്രകാശ് എം.പി, എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, കെ.എസ്.ശബരീനാഥന്‍,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ എം.എം ഹസ്സനൊപ്പം ധര്‍ണ്ണയില്‍ പങ്കെടുത്തു. ധര്‍ണ്ണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പ്രവാസികളെ വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റെതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രവാസികളെ വെറും കറവപശുക്കാളായിട്ടാണ് സര്‍ക്കാര്‍ കാണിക്കുന്നത്. ഇവരോടുള്ള കടമ നിര്‍വ്വഹിക്കുന്നതില്‍ ഇരുസര്‍ക്കാരും പരാജയമാണെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ.ആന്റണി, ഉമ്മന്‍ചണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാല്‍, മുകള്‍വാസ്നിക്, ശശിതരൂര്‍ എം.പി, ഡോ.എം.കെ.മുനീര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, പ്രേമചന്ദ്രന്‍,കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, സി.എം.പി നേതാവ് സി.പി.ജോണ്‍ എന്നിവര്‍ സമരപന്തലിലെത്തിയും ധര്‍ണ്ണയെ അഭിസംബോധന ചെയ്തു. റമസാന്‍ വ്രതത്തിന്റെ ഭാഗമായി ഉപവാസത്തിലുള്ള എം.എം.ഹസ്സനോടുള്ള ആദരസൂചകമായി ധര്‍ണ്ണയില്‍ പങ്കെടുത്ത മറ്റു നാലുനേതാക്കളും ഉച്ചഭക്ഷണം ഒഴിവാക്കിയാണ് ധര്‍ണ്ണയില്‍ പങ്കെടുത്തത്.