ഹര്‍ജി തള്ളി; കനിയാതെ സുപ്രീംകോടതിയും
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. എം.കെ രാഘവന് എം.പിയും പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘനടയുമാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചുകൊണ്ടുപോകാത്ത മാതൃരാജ്യങ്ങള്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യു.എ.ഇ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ രാജ്യങ്ങളുമായുള്ള തൊഴില്‍ കരാറുകള്‍ റദ്ദാക്കുമെന്നും തൊഴില്‍ ക്വാട്ട വെട്ടിക്കുറക്കുമെന്നുമാണ് മുന്നറിയിപ്പ്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ യു.എ.ഇ നീക്കം പ്രതികൂലമായി ബാധിച്ചേക്കും. ഇക്കാര്യം ഉള്‍പ്പെടെ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞില്ല. പ്രവാസികളെ ഈ ഘട്ടത്തില്‍ തിരിച്ചുകൊണ്ടുവരാനാവില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ 50,000ത്തോളം വിദ്യാര്‍ത്ഥികള്‍ കാത്തുനില്‍ക്കുകയാണെന്ന് കേന്ദ്രസര്‍ക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇത്തരത്തില്‍ ആയിരക്കണക്കിന് പ്രവാസികളാണ് ഓരോ രാജ്യങ്ങളിലും ഇന്ത്യയിലേക്ക് മടങ്ങാന്‍ കാത്തു നില്‍ക്കുന്നത്. ഇവരെയെല്ലാം തിരിച്ചുകൊണ്ടുവരാന്‍ ഈ സാഹചര്യത്തില്‍ കഴിയില്ലെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. ബ്രിട്ടനിലെ വിദ്യാര്‍ത്ഥികളും മറ്റ് പ്രവാസികളും നിലവില്‍ അതത് രാജ്യങ്ങളില്‍ സുരക്ഷിതരാണെന്നും സാഹചര്യങ്ങള്‍ മെച്ചപ്പെട്ടാല്‍ തിരിച്ചുകൊണ്ട് വരുന്നത് പരിഗണിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. തുടര്‍ന്നാണ് പ്രവാസികള്‍ എവിടെയാണോ ഉള്ളത്, അവിടെ തന്നെ തുടരണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. അതേസമയം പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഹര്‍ജിയില്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ ശിപാര്‍ശയായി കേന്ദ്രസര്‍ക്കാറിനു കൈമാറാന്‍ ഹര്‍ജിക്കാരോട് കോടതി ഉത്തരവിട്ടു.പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ചാര്‍ട്ടേഡ് സര്‍വീസുകള്‍ക്ക് ഒരുക്കമാണെന്ന് നിരവധി വിമാനക്കമ്പനികള്‍ അറിയിച്ചെങ്കിലും ലോക്ക്ഡൗണ്‍ കാരണം കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാണിക്കാതിരുന്നതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.അതേസമയം ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടു. 6,000ത്തോളം മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടങ്ങിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഇവരെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം പറഞ്ഞു. ഇതേതുടര്‍ന്നാണ് തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും ഇതിന് മുമ്പ് നിലപാട് വ്യക്തമാക്കണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.