പ്രാര്‍ത്ഥന സഫലമായി; ഒടുവില്‍ പൊലീസ് നിഹാലിന് പന്ത് തിരികെ നല്‍കി

51
വെള്ളമുണ്ട പൊലീസ് നിഹാലിന് പന്ത് തിരികെ നല്‍കുന്നു

വെള്ളമുണ്ട: നിഹാല്‍ എന്ന കൊച്ചു കുട്ടിയുടെ ഉറക്കമൊഴിച്ചുള്ള പ്രാര്‍ത്ഥന ഫലം കണ്ടു. നഷ്ടപ്പെടുമെന്ന് വിചാരിച്ച പന്ത് നിഹാലിന് തിരികെ ലഭിച്ചു. ലോക് ഡൗണ്‍ ലംഘിച്ച് ഫുട്‌ബോള്‍ കളിച്ചതായുള്ള സംശയത്തെ തുടര്‍ന്ന് പൊലീസ് റോഡരികില്‍ നിന്നും ഒമ്പത് വയസ്സുകാരന്‍ നിഹാലിന്റെ ഫുട്‌ബോള്‍ എടുത്തു കൊണ്ടു പോകുകയായിരുന്നു. ഫുട്‌ബോളിനെ ജീവന് തുല്യം സ്‌നേഹിക്കുന്ന നിഹാലിന് ഇത് താങ്ങാവുന്നതിലപ്പുറമായിരുന്നു. തുടര്‍ന്ന് നിഹാലിന്റെ ഉമ്മ പറഞ്ഞതനുസരിച്ച് അയല്‍വാസി സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നിഹാലിന് ഇന്നലെ രാവിലെ പൊലീസ് ഉദ്യോഗസ്ഥരെത്തി ഫുട്‌ബോള്‍ തിരികെ നല്‍കുകയായിരുന്നു. വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിന് സമീപത്തായി കുറച്ച് മുതിര്‍ന്ന കുട്ടികള്‍ കഴിഞ്ഞ ദിവസം വൈകിട്ട് ലോക്ഡൗണ്‍ ലംഘിച്ച് കാല്‍പ്പന്ത് കളിക്കുന്നതിനിടയില്‍ വെള്ളമുണ്ട സ്റ്റേഷനിലെ പൊലീസ് സംഘം പട്രോളിംങിനായി അതുവഴി വന്നു. പൊലീസിനെ കണ്ട ഇവര്‍ പന്ത് അവിടെ ഉപേക്ഷിച്ച് ഓടിയൊളിച്ചു. തുടര്‍ന്ന് പൊലീസ് പന്ത് പിടിച്ചെടുത്തു. സമീപത്ത് നിന്ന് തന്നെ മറ്റൊരു പന്തും റോഡരികില്‍ കിടക്കുന്നതായി കണ്ടു. എന്നാല്‍ ഈ പന്തും അവരുടെയാണെന്ന തെറ്റിദ്ധാരണയില്‍ പൊലീസ് വണ്ടിയിലെടുത്തിട്ടു. എന്നാല്‍ ഇന്നലെ രാവിലെ സ്റ്റേഷനിലേക്ക് ഒരു ഉമ്മയുടെ ഫോണ്‍ വിളി വന്നപ്പോഴാണ് പൊലീസിന് കാര്യങ്ങള്‍ മനസ്സിലായത്. തന്റെ മകന്‍ നിഹാലിന്റെ പന്ത് തെറ്റിദ്ധാരണ മൂലം പൊലീസുകാരുടെ കൈവശമായെന്നും, പന്ത് നഷ്ടപ്പെട്ട വിഷമത്തില്‍ ഇന്നലെ രാത്രി മകന്‍ ഉറങ്ങിയിരുന്നില്ലെന്നും അവര്‍ പരിഭവം പറഞ്ഞു. അബദ്ധം മനസ്സിലാക്കിയ എ.എസ്.ഐ സാദിര്‍ തലപ്പുഴയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടനെ പന്ത് നിഹാലിന് തിരികെക്കൊണ്ടു നല്‍കി. ചെറുപ്രായം മുതലേ കാല്‍പ്പന്ത് കളിയോട് വളരെ താല്‍പ്പര്യമുള്ള നിഹാല്‍ വെള്ളമുണ്ടയിലെ ആരവം ടൂര്‍ണ്ണമെന്റിലടക്കം സജീവ സാന്നിധ്യമാണ്. അന്താരാഷ്ട്ര തലത്തിലുള്ള ക്ലബ് മത്സരങ്ങളടക്കം നിഹാല്‍ ഉറക്കമൊഴിച്ച് ടി.വിയില്‍ കാണാറുണ്ട്. എ.എസ്.ഐ സാദിര്‍ തലപ്പുഴക്കൊപ്പം വെള്ളമുണ്ട സ്റ്റേഷനിലെ പൊലീസുകാരായ ജില്ലാ ഫുട്‌ബോള്‍ ടീം അംഗമായ അനീസ്, നിസാബ്, മനു അഗസ്റ്റിന്‍, ഹക്കീം എന്നിവരും ഉണ്ടായിരുന്നു.