ബഹ്‌റൈനില്‍ ഇന്ന് മാത്രം 74 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.

19

മനാമ: ബഹ്‌റൈനില്‍ ഇന്ന് മാത്രം 74 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ 66 പേര്‍ വിദേശ തൊഴിലാളികളാണ്. 44 പേര്‍ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 258 ആയി. കൊറോണ ബാധിതനുമായി സമ്പര്‍ക്കത്തിലായ ശേഷം നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ സല്‍മാബാദിലെ വിദേശ തൊഴിലാളികള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇവരെയെല്ലാവരെയും പ്രത്യേകം സജ്ജീകരിച്ച ഐസലേഷന്‍ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞതിനാൽ ഇവരിൽ നിന്നാർക്കും സമൂഹം വ്യാപനം വഴി രോഗം പകരാൻ സാധ്യതയില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തതമാക്കിയിട്ടുണ്ട്.

നേരത്തെ സല്‍മാബാദിലെ താമസ സ്ഥലത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇവരെ ബുധനാഴ്ച പ്രത്യേക ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതുവരെ 341 പേരാണ് ബഹ്‌റൈനില്‍ രോഗം ഭേദമായത്. നാല് പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഇതുവരെ 36506 പേരെ പരിശോധനയക്ക് വിധേയമാക്കിയിട്ടുണ്ട്.

ചികിത്സയില്‍ കഴിയുന്ന രണ്ട് ഇന്ത്യക്കാര്‍ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. 28 വയസുള്ള പുരുഷനും 32 വയസുള്ള സ്ത്രീയുമായാണ് രോഗമുക്തി നേടിയത്. നിലവിൽ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് ഏഴ് ഇന്ത്യാക്കാരാണ് ചികിത്സയിലുള്ളത്.

അഭ്യൂഹങ്ങളിലും വ്യാജ വാര്‍ത്തകളിലും ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിവരങ്ങള്‍ക്കായി ഔദ്യോഗിക കേന്ദ്രങ്ങളെ സമീപ്പക്കണമെന്നും മന്ത്രാലയം ഓര്‍മ്മപ്പെടുത്തി.