ബാങ്കുകളില്‍ മൊറട്ടോറിയം നടപ്പിലാക്കിത്തുടങ്ങി

കോവിഡ് 19 പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ച വായ്പാ മൊറട്ടോറിയത്തിന് ബാങ്കുകള്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ഇഎംഐ അടക്കാന്‍ പൊതുമേഖല ബാങ്കുകളെല്ലാം മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.
മിക്ക ബാങ്കുകളും ആര്‍.ബി.ഐയുടെ നിര്‍ദ്ദേശ പ്രകാരം ഇ.എം.ഐയും പലിശയും പ്രവര്‍ത്തനമൂലധനത്തിലെ പലിശയും തിരിച്ചടക്കുന്നതിന് മൂന്ന് മാസത്തെ മൊറട്ടോറിയമാണ് നല്‍കിയത്. ചില ബാങ്കുകള്‍ ഇക്കാലയളവില്‍ പലിശയും ഒഴിവാക്കിയിട്ടുണ്ട്. അതോടൊപ്പം ഇ.സി.എസ് (ഇലക്‌ട്രോണിക് ക്ലിയറിംഗ് സര്‍വീസ്)് ഉപയോഗിച്ച് ഇ.എം.ഐ അടക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ബാങ്കുകളെ  ഇ-മെയില്‍ വഴിയോ ഫോണ്‍ വഴിയോ അറിയിക്കണം. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ബാങ്കുകളില്‍ നേരിട്ട് പോകേണ്ടതില്ല. വായ്പാ കാലാവധി സംബന്ധിച്ച ചില വിവരങ്ങള്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് സന്ദേശമായി അയക്കുന്നുണ്ട്.
മൊറട്ടോറിയം ആവശ്യമുള്ളവര്‍ക്ക് അവ ബാങ്കിനെ അറിയിക്കാവുന്നതാണ്. നിലവില്‍ കനറാ ബാങ്കില്‍ ഈ സൗകര്യം കഴിഞ്ഞ ദിവസം മുതല്‍ നടപ്പാക്കിയിട്ടുണ്ട്. മെയ് വരെ അക്കൗണ്ടില്‍ നിന്നും തിരിച്ചടവ് ഈടാക്കേണ്ടതില്ലെങ്കില്‍ 8422004008 എന്ന് നമ്പറിലേക്ക് ‘നോ’  എന്ന് സന്ദേശം അയക്കാമെന്നാണ് ബാങ്ക് ഇടപാടുകാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.
എസ്ബിഐയില്‍ ആണെങ്കില്‍ ഒരു ആപ്ലിക്കേഷന്‍ ഫോം ലഭ്യമാകുന്നുണ്ട്. അത് പൂരിപ്പിച്ച് ബാങ്കില്‍ നല്‍കണം. ഒന്നുകില്‍ ബാങ്കില്‍ നേരിട്ട് നല്‍കുകയോ ബാങ്കിന്റെ ബ്രാഞ്ച് മെയില്‍ ഐഡിയിലേക്ക് അയക്കുകയോ അല്ലെങ്കില്‍ തിരുവനന്തപുരം സര്‍ക്കിള്‍ ഓഫീസ് ഐഡിയായ േെീുലാശ.ഹവീ ൃേശ@യെശ.രീ.ശിലേക്ക് അയക്കുകയോ ചെയ്യാം. മാര്‍ച്ചില്‍ മാസതവണ ഈടാക്കിയിട്ടുണ്ടെങ്കില്‍  ആവശ്യപ്പെട്ടാല്‍ അത് തിരിച്ച് ലഭിക്കും.
മറ്റുള്ള ബാങ്കുകള്‍ മൊറട്ടോറിയം സംബന്ധിച്ച നിര്‍ദ്ദേശം വരുംദിവസങ്ങളില്‍ പുറത്തിറക്കും. ഫെബ്രുവരി 29 വരെ തിരിച്ചടവില്‍ കുടിശ്ശിക ഇല്ലാത്തവര്‍ക്ക് മാത്രമാണ് മൊറട്ടോറിയം സേവനം ലഭിക്കുക. വാണിജ്യ ബാങ്കുകള്‍, പ്രാദേശിക റൂറല്‍ ബാങ്കുകള്‍, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവക്കും മൊറട്ടോറിയം ബാധകമാണ്. ഭവന വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ തുടങ്ങിയ നിശ്ചിത കാലാവധിയുള്ള ടേം ലോണുകള്‍ക്കെല്ലാം ഇത് ബാധകമാണ്. ക്രഡിറ്റ് കാര്‍ഡ് തിരിച്ചടവിനും മൊറട്ടോറിയം ബാധകമാണെന്ന് ആര്‍.ബി.ഐ അറിയിച്ചിട്ടുണ്ട്. അതേസമയം വായ്പ തിരിച്ചടക്കാന്‍ കഴിയുന്നവര്‍ വായ്പകള്‍ തിരിച്ചടക്കണമെന്നും ബാങ്കുകള്‍ പറയുന്നു.