ബ്രസീലില്‍ ലോക്ഡൗണ്‍ വിരുദ്ധ പ്രതിഷേധം നൂറുകണക്കിന് ആളുകള്‍ തെരുവിലിറങ്ങി

9
ബ്രസീലില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സാവോപോളോയില്‍ പതാകയുമേന്തി പ്രതിഷേധിക്കുന്നവര്‍

ബ്രസീലിയ: അമേരിക്കക്കു പിന്നാലെ ബ്രസീലിലെ ജനങ്ങളും സ്വന്തം പ്രസിഡന്റിന്റെ വാക്കുകേട്ട് ലോക്ഡൗണ്‍ ലംഘിച്ച് തെരുവിലിറങ്ങി. നൂറുകണക്കിന് ബ്രസീലുകാരാണ് രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രതിഷേധവുമായി ഒത്തുകൂടിയത്. കാറുകളിലും ട്രക്കുകളിലും ഇരുചക്രവാഹനങ്ങളിലുമായി ഹോണ്‍ മുഴക്കിയാണ് റിയോ ഡി ജനീറോയുടേയും സാവോ പോളോയുടേയും ബ്രസീലിയയുടേയും തെരുവുകളില്‍ ലോക്ഡൗണിനെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചത്. കൊറോണ വൈറസിനെ നേരിടുന്ന കാര്യത്തില്‍ ഏതാണ്ട് അമേരിക്കക്ക് സമാനമായ സാഹചര്യമാണ് ബ്രസീലിലും ഉള്ളത്. പ്രസിഡന്റ് ലോക്ഡൗണിനെതിരെ പറയുമ്പോള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ അധികാരമുള്ള സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ കോവിഡ് ഭീതി കണക്കിലെടുത്ത് ലോക്ഡൗണില്‍ തുടരാന്‍ തീരുമാനിക്കുന്നു. ഇതിനെതിരെ ജനങ്ങള്‍ കൂടുതല്‍ ഇളവുകള്‍ അര്‍ഹിക്കുന്നുവെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് തന്നെ പറഞ്ഞതിന് പിന്നാലെയാണ് ജനങ്ങളുടെ ലോക്ഡൗണ്‍ വിരുദ്ധ സമരങ്ങള്‍ അരങ്ങേറിയത്. ജനങ്ങള്‍ വീടുകളില്‍ ഇരിക്കണമെന്നും കോവിഡിനെ നേരിടാന്‍ കടുത്ത നിയന്ത്രണങ്ങളോടെ ലോക്ഡൗണ്‍ തുടരണമെന്നുമുള്ള ആശയത്തിന്റെ വിമര്‍ശകനാണ് ബ്രസീലിയന്‍ പ്രസിഡന്റ് ബോല്‍സനാരോ. കോവിഡ് മൂലമുണ്ടാകുന്നതിനേക്കാള്‍ പ്രതിസന്ധി ലോക്ഡൗണ്‍ മൂലമുണ്ടാകുമെന്നാണ് ബോല്‍സനാരോയുടെ നിലപാട്. ലോക്ഡൗണിന് വേണ്ടി ശക്തമായി വാദിച്ച ഡോക്ടര്‍ കൂടിയായ ആരോഗ്യമന്ത്രി ലൂയിസ് മാന്‍ഡേറ്റയെ ബോല്‍സനാരോ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബോല്‍സനാരോ അനുയായികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവന്നത്.
കോവിഡിനെ ചൊല്ലിയുള്ള ഭയം പെരുപ്പിച്ച് കാണിച്ചതാണെന്നായിരുന്നു ബോല്‍സനാരോ ശനിയാഴ്ച്ച പറഞ്ഞത്. എല്ലാം അടച്ചിട്ട് ദുരാഗ്രഹികളായ രാഷ്ട്രീയക്കാര്‍ സ്വന്തം ജനങ്ങളില്‍ ഭീതി വിതക്കുകയാണെന്നും ബ്രസീല്‍ പ്രസിഡന്റ് ആരോപിച്ചു സാധാരണ നിലയിലെത്താന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഫേസ്ബുക് ലൈവിനിടെ ബോല്‍സനാരോ പറഞ്ഞിരുന്നു. തുടക്കം മുതല്‍ കോവിഡ് നിസ്സാരവല്‍ക്കരിക്കാനായിരുന്നു ബ്രസീല്‍ പ്രസിഡന്റ് ശ്രമിച്ചിരുന്നത്. ചെറുപനിയാണ് കോവിഡെന്നും ഇതിനെ നേരിടാനൊക്കെ ബ്രസീലുകാര്‍ക്ക് പ്രതിരോധശക്തിയുണ്ടെന്നുമായിരുന്നു ബോല്‍സനാരോയുടെ അവകാശവാദങ്ങള്‍.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ നടക്കുമ്പോഴും ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ കോവിഡ് ബാധിത രാജ്യമായി ബ്രസീല്‍ തുടരുകയാണ്. 36,500ലേറെ പേര്‍ക്കാണ് ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2347 പേര്‍ക്ക് കോവിഡ് രോഗത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമാവുകയും ചെയ്തു. മെയ് മാസത്തോടെ 21 കോടി ജനസംഖ്യയുള്ള ബ്രസീലില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുമെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് ലോക്ഡൗണ്‍ വിരുദ്ധ സമരങ്ങളും അരങ്ങേറുന്നത്.