ഭോപ്പാല്‍: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ പൊലീസ് ആസ്ഥാനം ഏപ്രില്‍ 26 വരെ അടച്ചു. ഇന്നലെ ഒരു പൊലീസുകാരന് കൂടി കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. ഇതോടെ ഭോപ്പാലില്‍ രോഗം ബാധിച്ച പൊലീസുകാരുടെ എണ്ണം 29 ആയി.
എ.ഡി.ജി.പി (അഡ്മിനിസ്ട്രേഷന്) അജയ് കുമാര്‍ ശര്‍മയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ഹെഡ്ക്വാട്ടേഴ്സിലേക്ക് ജീവനക്കാരെ വിളിക്കരുതെന്ന് എല്ലാ വകുപ്പ് മേധാവികളോടും അദ്ദേഹം നിര്‍ദേശിച്ചു. ഏപ്രില്‍ 26 വരെ വീട്ടില്‍ നിന്ന് ജോലി ചെയ്യാനാണ് പൊലീസുകാര്‍ക്ക് ലഭിച്ച നിര്‍ദേശം.
ഇ-മെയിലുകളിലൂടെയും വാട്ട്സ്ആപ്പിലൂടെയും ഉന്നത ഉദ്യോഗസ്ഥര്‍ ആശയവിനിമയം നടത്തും. ഡി.ജി.പിയുടെ ഡ്രൈവര്‍ രാജീവ് ടാന്ഡന് ആണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പൊലീസ് ആസ്ഥാനത്തെ ഗുമസ്തനായ അദ്ദേഹത്തിന്റെ മകനും പിന്നീട് അണുബാധയുണ്ടായി. ഇതോടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അടച്ചുപൂട്ടുകയും ഡി.ജി.പി ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും ഹോം ക്വാറന്റൈന് ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് ബുധനാഴ്ച വരെ 29 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് അണുബാധയുണ്ടായത്. ഇതില്‍ മൂന്നുപേര്‍ രോഗത്തില്‍ നിന്ന് മുക്തി നേടി.
മധ്യ പ്രദേശില്‍ ഇതുവരെ രണ്ട് പൊലീസുകാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്‍ഡോര്‍ സ്വദേശിയായ ദേവേന്ദ്ര ചന്ദ്രവംശി ഉജ്ജൈനില്‍ നിന്നുള്ള യശ്വന്ത് പാല് എന്നിവരാണ് മരിച്ചത്. മൊവോയിലെ പൊലീസ് സൂപ്രണ്ട് കോവിഡ് ബാധിച്ച് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും അണുബാധയുണ്ടായി.
കോവിഡ് ഡ്യൂട്ടിക്ക് ഭോപ്പാലിലെ രതിബാദ് പ്രദേശത്ത് നിയമിക്കപ്പെട്ട കോണ്‍സ്റ്റബിള്‍ ചേതന്‍ സിംഗ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കാന്‍ ശ്രമിച്ച സംഭവവുമുണ്ടായി. ഭോപ്പാലിലെയും മറ്റ് നഗരങ്ങളിലെയും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മുന്‍കരുതല്‍ നടപടിയായി ഹോം ക്വാറന്റൈനിലാണ്.
ചില ഉദ്യോഗസ്ഥര്‍ അവരുടെ ഓഫീസുകള്‍ താല്‍ക്കാലിക താമസ സ്ഥലങ്ങളാക്കി മാറ്റി. ഇന്‍ഡോറില്‍ ഡ്യൂട്ടിയിലുള്ള ം47പൊലീസുകാരെ ഹോട്ടലുകളിലും ലോഡ്ജുകളിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഭോപ്പാലില്‍ ഒരു ഡസനിലധികം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നൂറോളം ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതും തിരിച്ചടിയായിട്ടുണ്ട്.