കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തത്തിന്റെ ഭാഗമായി രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കേരളത്തില്‍ നിന്നടക്കം എന്‍.സി. സി പരിശീലനത്തിന് മഹാരാഷ്ട്രയിലെത്തിയ അധ്യാപകര്‍ തിരിച്ചുവരാനാവാതെ ദുരിതത്തില്‍. എന്‍.സി.സി.ഓഫീസര്‍മാരായ കേരളത്തില്‍ നിന്നുള്ള 20 പേരുള്‍പ്പെടെ 281 അധ്യാപകരാണ് പരിശീലനത്തിനെത്തി തിരിച്ചെത്താനാവാതെ മഹാരാഷ്ട്രയില്‍ തുടരേണ്ടിവരുന്നത്. ഇതില്‍ 10 പേര് വയനാട് ജില്ലയിലെ അധ്യാപകരാണ്. ഏപ്രില്‍ 9 വരെയായിരുന്നു പരിശീലം നിശ്ചയിച്ചിരുന്നത്. പരിശീലനം പൂര്‍ത്തിയാക്കി തിരിച്ച് പോകാനായി രണ്ട് തവണ വിമാന-ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. രണ്ട് തവണയും ടിക്കറ്റ് റദ്ദാക്കിയതിനാല്‍ അടച്ച തുക തിരിച്ച് ലഭിച്ചിട്ടില്ല. പുതുതായി മൂന്നാം തവണ വീണ്ടും ടിക്കറ്റ് ബുക്ക്ചെയ്യാനായി പണമില്ലാതെ പ്രയാസപ്പെടുകയാണെന്ന് അധ്യാപകര്‍ പറയുന്നു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകളില്‍ നിന്നായി എന്‍.സി.സി. ചുമതല വഹിക്കുന്ന 281 അധ്യാപകര്‍ക്ക് 60 ദിവസത്തെ പ്രീ കമ്മീഷന് കോഴ്സ് (പി.ആര്.സി.എന്‍) പരിശീലനത്തിനാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്ത കാമ്പിയിലെ ഓഫീസേഴ്സ് ട്രൈനിംഗ് അക്കാഡമിയിലെത്തിയത്. എന്‍.സി.സി. പ്രീ കമ്മീഷന് ട്രൈനിംഗ് കോഴ്സ് 2020 ഫെബ്രുവരി 10 മുതല്‍ 60 ദിവസത്തെ പരിശീലനമാണ് നിശ്ചയിച്ചിരുന്നത്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി ഏപ്രില്‍ 9 ന് പാസിംഗ് ഔട്ട് പരേഡ് നടത്തി ഏപ്രില്‍ 10ന് നാട്ടിലേക്കുള്ള തിരിച്ച് വരവിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ പാസിംഗ് ഔട്ട് പരേഡ് നിര്‍ത്തി വെച്ച് പരിശീലനം തുടരാനും ഏപ്രില്‍ 15 വരെ കോഴ്സ് കാലാവധി നീട്ടാനും തീരുമാനമായി. ലോക്ഡൗണ്‍ കാലാവധി ഏപ്രില്‍ 15 ല്‍ നിന്ന് മെയ് 3 വരെ നീട്ടിയതോടെ വീണ്ടും പരിശീലനം നീട്ടേണ്ടി വന്നു. ഇതോടെ 60 ദിവസത്തെ പരിശീലനത്തിന് പുറപ്പെട്ടവര്‍ക്ക് 24 അധിക ദിവസമുള്‍പ്പെടെ 84 ദിവസം ട്രൈനിംഗ് അക്കാഡമിയില്‍ കഴിയേണ്ടി വന്നിരിക്കയാണ്. 10 വയനാട്ടുകാരും 4 കണ്ണൂരുകാരും 2 തിരുവനന്തപുരത്തുകാരും പാലക്കാട്, തൃശൂര്‍, കൊല്ലം, കോഴിക്കോട് ജില്ലയില്‍ നിന്ന് ഓരോ അധ്യാപകരുമാണ് പരിശീലനത്തിലുള്ളത്. എന്‍.സി.സി. ഫൈവ് ബറ്റാലിയന് യൂണിറ്റ് വയനാട് ജില്ലയില്‍ ആദ്യമായി തുടങ്ങിയതോടെയാണ് ഇത്രയധികം അധ്യാപകര്‍ക്ക് പരിശീലനത്തിന് അവസരം ലഭിച്ചത്. വയനാട്ടിലുള്ളവര്‍ ഏറെ പ്രതീക്ഷയോടെയാണ് പരിശീലത്തിനായി പുറപ്പെട്ടത്.
വസ്ത്രം, ഭക്ഷണം, യാത്ര, പരിശീലനത്തിനുള്ള യൂണിഫോം തുടങ്ങിയവക്കായി ആദ്യം പണം അധ്യാപകര്‍ മുടക്കണം. പിന്നീട് അക്കാഡമിയില്‍ നിന്ന് തുക അനുവദിക്കുകയാണ് പതിവ്. ഈയിനത്തിലും വലിയൊരു തുക ചെലവായിട്ടുണ്ടെന്നാണ് അധ്യാപകര്‍ പറയുന്നത്. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനമുള്ള വാര്‍ത്തയുള്ളതിനാല്‍ മെയ് 3 ന് ശേഷവും ലോക്ഡൗണ്‍ നീട്ടുമെന്ന സംശയത്തിലും ആശങ്കയിലുമാണ് അധ്യാപകര്‍. ഇതോടെ ഇവര്‍ വീട്ടുകാരെയും കുടുംബത്തെയോര്‍ത്തും സാമ്പത്തികമായും മാനസിക പിരിമുറുക്കത്തിലുമാണ്.