മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരം

മുംബൈയിലെ ബോറിവാലിയില്‍ പൊലീസുകാരന്റെ സ്രവം പരിശോധനക്കായി എടുക്കുന്ന ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍

മുംബൈ: രാജ്യത്ത് കോവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം മഹാരാഷ്ട്രയില്‍ ദിനേന ഉയരുന്നു. ഇന്നലെ 150 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1018 ആയി ഉയര്‍ന്നു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ മുംബൈയിലും 18 പേര്‍ പൂനെ, മൂന്ന് പേര്‍ അഹമ്മദ്‌നഗര്‍, ബുല്‍ദാന, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് വീതവും സംഗ്ലി, താനെ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കു വീതവുമാണ് കോവിഡ് പിടിപെട്ടത്. ഇന്നലെ 12 പേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണം 64 ആയി ഉയര്‍ന്നു. പൂനെയില്‍ മൂന്നും മുംബൈയില്‍ ആറും മരണങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ പുനെയില്‍ കോവിഡ് മരണം എട്ടായി. 70 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ഭേദമായത്. സംസ്ഥാനത്തെ മൊത്തം കോവിഡ് രോഗികളില്‍ 536 എണ്ണവും തലസ്ഥാനമായ മുംബൈയിലാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. ഇന്നലെ 354 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 4421 ആയി ഉയര്‍ന്നു. ഇതില്‍ 3981 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 325പേര്‍ക്ക് അസുഖം പൂര്‍ണമായും ഭേദമായിട്ടുണ്ട്.
114 പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. മുംബൈയിലെ ധാരാവിയില്‍ രണ്ട് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബാലികാ നഗര്‍ ഏരിയയില്‍ ആണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ധാരാവിയിലെ ബാലിക നഗര്‍ മേഖല അധികൃതര്‍ സീല്‍ ചെയ്തിട്ടുണ്ട്. ധാരാവിയില്‍ ഇതുവരെ ഏഴുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍ തന്നെയുള്ള ജസ്ലോക് ആശുപത്രിയില്‍ രണ്ടു രോഗികളും 13 ജീവനക്കാരുമടക്കം 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിച്ചിരുന്നു. ഇവിടേക്കുള്ള പ്രവേശനവും നിലവില്‍ നിരോധിച്ചിരിക്കുകയാണ്.