മഹാരാഷ്ട്രയില്‍ 310 മരണം

ഡല്‍ഹിയില്‍ കോവിഡ് രോഗികളെ പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍ സാനിറ്റൈസര്‍ കൊണ്ട് കൈ വൃത്തിയാക്കുന്നു

മുംബൈ: രാജ്യത്തെ കോവിഡ് ഹോട്ട്‌സ്‌പോട്ടായ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ 394 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 6,817 ആയി.
24 മണിക്കൂറിനുള്ളില്‍ 27 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 310 ആയി. മുംബൈയില്‍ മാത്രം 222 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4303 ആയി.
ഇന്ത്യയിലെ ഒരു നഗരത്തില്‍ 24 മണിക്കൂറിനുള്ളില്‍ 500ലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് ആദ്യമായാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്്. 10 ലക്ഷം ജനസംഖ്യയുള്ള ധാരാവിയില്‍ ഇതുവരെ 220 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 14 പേര്‍ ഇവിടെ കോവിഡ് ബാധിച്ച് മരിച്ചു.
ഇന്നലെ പുതുതായി ആറു പേര്‍ക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാന ഭവന വകുപ്പ് മന്ത്രി ജിതേന്ദ്ര അഹദിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് പരിശോധനാ പലം പോസിറ്റീവായ ഒരു പൊലീസുദ്യോഗസ്ഥനുമായി ഇടപഴകിയതിന് പിന്നാലെ ഇദ്ദേഹം സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു.
മന്ത്രിയുടെ കുടുംബത്തിലെ 15 അംഗങ്ങളെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുംബൈ കഴിഞ്ഞാല്‍ പൂനെയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1000 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഗുജറാത്ത് ഡല്‍ഹിയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. 2614 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച ഗുജറാത്തില്‍ 112 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തു.
2376 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 50 പേര്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചു. അതേ സമയം 44 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത രാജസ്ഥാനില്‍ കോവിഡ് ബാധിതരുടെ എണ്ണം 2000 കവിഞ്ഞു.
2008 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തലസ്ഥാനമായ ജയ്പൂരില്‍ മാത്രം 761 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. 31 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധമൂലം മരിച്ചത്. മധ്യപ്രദേശില്‍ പുതുതായി 92 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1864 ആയി. സംസ്ഥാനത്തെ കോവിഡ് ഹോട്ട്‌സ്‌പോട്ട് ആയ ഇന്‍ഡോറില്‍ 84 പുതിയ കേസുകള്‍ കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.
ഇന്‍ഡോറില്‍ ഇതുവരെ 1029 കോവിഡ് കേസുകളും 55 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭോപാലില്‍ 360 കേസുകളും 9 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഞ്ചു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 92 ആയി. അതേ സമയം 94 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത യു.പിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1604 ആയി.
സംസ്ഥാനത്തെ 75ല്‍ 57 ജില്ലകളിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 24 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. കര്‍ണാടകയില്‍ പുതുതായി 29 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 474 ആയി. 18 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ 72 പേര്‍ക്ക് കൂടി പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1755 ആയി. ഇന്നലെ രണ്ട് പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് മരണം 22 ആയി ഉയര്‍ന്നു.