മഹാരാഷ്ട്ര: കോവിഡ് ബാധിതര്‍ 8,590

അഹമ്മദാബാദിലെ ഹോട്ടലില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയവര്‍ മടങ്ങുന്നൂ

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 8590 ആയി. ഇതില്‍ 5280 പേരും മുംബൈയിലാണ്. 24 മണിക്കൂറിനിടെ 522 പേക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 8568 ആയി. ഇന്നലെ 27 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 369 ആയി.
സംസ്ഥാനത്ത് ഇതുവരെ 1188 പേര്‍ക്ക് രോഗം ഭേദമായതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കോവിഡ് ബാധിച്ച് മുംബൈയില്‍ മരിച്ച പൊലീസുകാരുടെ ബന്ധുക്കള്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ ഇന്നലെ 13 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ധാരാവിയിലെ കോവിഡ് ബാധിതരുടെ എണ്ണം 288 ആയി. 14 മരണങ്ങളും ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള ഗുജറാത്തില്‍ ഇന്നലെ 247 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3548 ആയി. 24 മണിക്കൂറിനിടെ 18 പേര്‍ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 162 ആയി. ഇന്നലെ 293 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ 2918 ആയി.മധ്യപ്രദേശില്‍ 72 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ കോവിഡ് കേസുകള്‍ 2168 ആയി.
106 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. രാജസ്ഥാനില്‍ 49 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. 2234 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധയുള്ളത്. 46 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ കോവിഡ് മരണ സംഖ്യ 31 ആയി ഉയര്‍ന്നു. 1955 ആയി കോവിഡ് കേസുകളും ഉയര്‍ന്നിട്ടുണ്ട്.
പശ്ചിമ ബംഗാളില്‍ 47 പുതിയ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. 504 പേര്‍ക്കാണ് ബംഗാളില്‍ കോവിഡ് സ്ഥിരീകരിച്ചത്. 20 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്ന ഒമ്പതാമത്തെ സംസ്ഥാനമായി തെലങ്കാന മാറി.
ഇന്നലെ പതിനൊന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1001 ആയി. ഇന്നലെ റിപ്പോര്‍ട്ട് ചെയത് എല്ലാ കേസുകളും ഹൈദരാബാദിലാണ്.
26 പേരാണ് തെലങ്കാനയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. അതേ സമയം കടകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ നടപ്പാക്കേണ്ടെന്ന് തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചു. മെയ് 7 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തിലാണിത്.
തെലങ്കാനയുടെ അയല്‍ സംസ്ഥാനമായ ആന്ധ്രപ്രദേശിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. 31 പേര്‍ മരിച്ച ആന്ധ്രയില്‍ 1177 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചു നഗരങ്ങളില്‍ കടുത്ത ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച തമിഴ്‌നാട്ടില്‍ 52 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1937 ആയി. 24 പേരാണ് സംസ്ഥാനത്ത് മരിച്ചത്. കര്‍ണാടകയില്‍ 9 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കോവിഡ് കേസുകള്‍ 512 ആയി. ഒരു മരണവും ഇന്നലെ സ്ഥിരീകരിച്ചു. 20 മരണങ്ങളാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഉണ്ടായത്.